ന്യൂഡൽഹി : ഇന്ത്യ ഒരിക്കൽകൂടി ലോക വനിത ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുമ്പോൾ എല്ലാ കണ്ണുകളും എം.സി മേരികോമിലേക്കാണ്. അഞ്ചുതവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ നേടിയ മേരികോമിന് സ്വന്തം നാട്ടിൽ ആറാം സ്വർണ തമ്പുരാട്ടിയാകാൻ ആകുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ ഇൗ ചാമ്പ്യൻഷിപ്പിനെ ചൂടുപിടിപ്പിക്കാൻ കൊസോവയിൽ നിന്നുള്ള ഏക് ബോക്സറെ പങ്കെടുപ്പിക്കുന്നതുമുതൽ ഡൽഹിയിലെ പുകമഞ്ഞുമൂലം പരിശീലനത്തിന് പുറത്തിറങ്ങാൻ ആകാത്തതുവരെയുള്ള പ്രശ്നങ്ങൾ വേറെയുമുണ്ട്.
. 10-ാമത് ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനാണ് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകുന്നത്.
. 72 രാജ്യങ്ങളിൽ നിന്നായി 300 ലധികം താരങ്ങൾ പങ്കെടുക്കുന്നു.
. ഇത് രണ്ടാംതവണയാണ് ഇന്ത്യ ലോക വനിതാ ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
. 2006 ലാണ് ഇന്ത്യ ആദ്യം ലോകവനിതാ ചാമ്പ്യൻഷിപ്പ് നടത്തിയത്.
. അന്ന് നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം എട്ട് മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്.
മെഡൽ വേട്ടയ്ക്ക് ഇന്ത്യ
വനിതാ ലോകചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2006 ലേതാണ് ഏറ്റവും മികച്ച പ്രകടനം. ഇത്തവണ 10 പേരടങ്ങുന്ന ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നത്. മേരികോമിനെയും സരിതാദേവിയെയും പോലുള്ള വെറ്ററൻ താരങ്ങളും പിങ്കി ജാഗ്രയെപ്പോലുള്ള യുവതാരങ്ങളും ഇടകലർന്നതാണ് ഇന്ത്യൻ ടീം. എന്നാൽ 2006 ലെതുപോലൊരു മെഡൽ വേട്ട ഇന്ത്യയ്ക്ക് പ്രയാസമാകും
ഇന്ത്യൻ ടീം
എം.സി മേരികോം (4ബ്ബ8 കി. ഗ്രാം), പിങ്കി ജാഗ്ര (51), മനീഷ മാവുൻ (54), സോണിയ (57), സരിത ദേവി (60), സിമ്രാൻ ജിത്ത് കൗർ (64), ലോവ്‌ലിന ബൊർഗോഹേൻ (69), സവീതി ബോറ (75), ഭാഗ്യവതി കചാരി (81), സീമാ പൂനിയ (81.....)
മേരികോമിന്റെ മോഹങ്ങൾ
അഞ്ച് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മേരികോം കാത്തീടെയ്‌ലറുടെ റെക്കാഡിനൊപ്പമാണ്.
ഇന്ത്യയിൽ സ്വർണം നേടിയാൽ മേരികോമിന് ഇൗ റെക്കാഡ് സ്വന്തം പേരിലേക്ക് മാത്രമായി കുറിക്കാനാകും.
ഇൗവർഷം കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ ഒാപ്പണിംഗിലും പോളണ്ടിലെ ഇന്റർനാഷണൽ ടൂർണമെന്റിലും മേരികോം സ്വർണം നേടിയിരുന്നു.
കൊസ്രാക്കൊള്ളിയായി കൊസാവോ
ഡോണ്യേത സാദിക്ക് എന്ന ഒരു ബോക്‌സറെ മാത്രമാണ് സൗത്ത് ഇൗസ്റ്റേൺ യൂറോപ്പിലെ കൊസാവോ എന്ന കൊച്ചു രാജ്യം ചാമ്പ്യൻഷിപ്പിന് അയച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ നയമനുസരിച്ച് കൊസാവോ എന്ന രാജ്യത്തിന്റെ പതാകയ്ക്ക് കീഴിൽ ഡോണ്യേതയെ മത്സരിപ്പിക്കാനാവില്ല. കാരണം ഇന്ത്യ കൊസാവോയെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ല. അതിനാൽ താരത്തിന് വിസയും നൽകിയിട്ടില്ല.
ഇത് വലിയ പ്രശ്നമാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സൃഷ്ടിച്ചിരിക്കുന്നത്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ച രാജ്യത്തെ പങ്കെടുപ്പിക്കാൻ തടസം നിന്നാൽ ഇന്ത്യയ്ക്ക് ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നതിന് വരെ വിലക്ക് വന്നേക്കാം. ഒരു താരത്തെ അനുവദിച്ചില്ലെങ്കിൽ മൊത്തം കായിക ഇനങ്ങളിലും ഇത് തിരിച്ചടിയാകും.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കത്തെഴുതിക്കഴിഞ്ഞു. അടുത്തിടെ കരാട്ടെ ലോകചാമ്പ്യൻഷിപ്പിൽ കൊസോവയിൽ നിന്നുള്ള താരങ്ങളെ അനുവദിക്കാതിരുന്ന സ്‌പെയ്‌നിനെതിരെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി നടപടി ആരംഭിച്ചുകഴിഞ്ഞു.
2001 മുതൽ 48 കി. ഗ്രാം വിഭാഗത്തിൽ മത്സരിക്കുന്നവരുണ്ട്. അവരെ എനിക്ക് നന്നായി അറിയാം. എന്നാൽ യുവതാരങ്ങളെ നേരിടുന്നതാണ് പ്രശ്നം. യുവതാരങ്ങൾക്ക് വേഗവും കരുത്തും കൂടും. അതിനെ എന്റെ പരിചയസമ്പത്തുകൊണ്ട് മറികടക്കാനാകുമെന്ന് കരുതുന്നു.
എം.സി. മേരികോം