icc-women-t20
ICC WOMEN T20

വനിതാ ലോകകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ

ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടുന്നു

ടി. വി ലൈവ് : രാത്രി 8.30 മുതൽ സ്റ്റാർ

സ്പോർട്സിൽ

പ്രോവിഡൻസ് : കരീബിയൻ മണ്ണിലെ ലോകകപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് അയർലൻഡിനെ നേരിടാനിറങ്ങുന്നു. ഗ്രൂപ്പ് ബിയിലെ ഇൗ മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിഫൈനൽ ഉറപ്പാക്കാം.

ആദ്യ രണ്ട് മത്സരങ്ങളും തകർപ്പനായി വിജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം താരതമ്യേന എളുപ്പമാവാനാണിട. കാരണം ആദ്യ രണ്ട് മത്സരങ്ങളും തോറ്റവരാണ് ഐറിഷ് വനിതകൾ.

ആദ്യമത്സരത്തിൽ ട്വന്റി 20 യിലെ തങ്ങളുടെ ഏറ്റവും മികച്ച സ്കോർ ഉയർത്തിയ ശേഷമാണ് ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചത്. രണ്ട് ദിവസംമുമ്പ് പാകിസ്ഥാനെ കീഴടക്കിയത് ഏഴ് വിക്കറ്റിനും. ന്യൂസിലൻഡിനെ 134 റൺസിന് തോൽപ്പിച്ചു. അതേ പ്രോവിഡൻസ് ഗ്രൗണ്ടിൽ ത്തന്നെയാണ് ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടാനിറങ്ങുന്നത്. ന്യൂസിലൻഡിനെതിരെ ഹർമൻപ്രീത് കൗർ 51 പന്തുകളിൽ ഏഴ് ഫോറും എട്ട് സിക്സുമടക്കം 103 റൺസടിച്ചിരുന്നു. യുവതാരം ജെമറോഡ്രിഗസ് 45 പന്തുകളിൽ ഏഴ് ബൗണ്ടറികളടക്കം 59 റൺസും നേടി.

പാകിസ്ഥാനെതിരെ മിഥാലി രാജും അർദ്ധ സെഞ്ച്വറി നേടിയതോടെ ബാറ്റിംഗിൽ ഇന്ത്യ കരുത്തരാണ്. സ്മൃതി മന്ദാന, വേദകൃഷ്ണമൂർത്തി, താനിയ ഭാട്യ തുടങ്ങിയ ബാറ്റിംഗിലെ മിടുക്കികൾ കൂടി ഫോമിലെത്തിയാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാവുന്നതയേയുള്ളൂ.

സ്പിൻ ബൗളിംഗാണ് ഇന്ത്യയുടെ കരുത്ത്. ഒഫ് ബ്രേക്കർ ബൗളർ ദയാളൻ ഹേമലതയും ലെഗ് സ്പിന്നർ പൂനം യാദവും ചേർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽനിന്നായി 10 വിക്കറ്റുകൾ പങ്കുവച്ചുകഴിഞ്ഞു.

ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയിന്റ് നേടിയ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽനിന്ന് ആറുപോയിന്റുമായി ഒന്നാമതുള്ള ആസ്ട്രേലിയ സെമി ഉറപ്പിച്ചുകഴിഞ്ഞു.

ഗ്രൂപ്പ് ബി പോയിന്റ് നില

(ടീം, കളി, ജയം, തോൽവി, സമനില, പോയിന്റ് എന്ന ക്രമത്തിൽ)

ആസ്ട്രേലിയ 3-3-0-0-6

ഇന്ത്യ 2-2-0-0-4

പാകിസ്ഥാൻ 3-1-2-0-2

ന്യൂസിലൻഡ് 2-0-2-0-2

അയർലൻഡ് 2-0-2-0-0.

ടീമുകൾ ഇവരിൽനിന്ന്

ഇന്ത്യ : ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മന്ദാന, മിഥാലി രാജ്, ജെമീമ റോഡ്രിഗസ്, വേദ കൃഷ്ണമൂർത്തി, ദീപ്തിശർമ്മ, താനിയ ഭാഷ്യ, പൂനം യാദവ്, രാധായാദവ്, അനുജപാട്ടീൽ, ഏക്‌ത ബിഷ്‌ത്, ദയാളൻ ഹേമലത, മൻസി ജോഷി, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി.

അയർലൻഡ്

ലോറ ഡെലാനി (ക്യാപ്ടൻ), കിം ഗാർത്ത്, സിസിലിയ, ഇസബൽ, ഷൗന കാവന, അമി കെനലേയ്, ഗാബി ലൂയിസ്, ലാറാ മാർട്ടിസ്, സിയാറ മെറ്റ്കാഫ്, ലൂസി ഒറേയ്‌ലി, സെലെസ്റ്റെ റാക്ക്, എയ്‌‌മർ റിച്ചർഡ്സൺ, ക്ളെയർ ഷില്ലിംഗ്ടൺ, റെബേക്ക മേരി വാൽഡ്രൺ.

ആസ്ട്രേലിയ സെമിയിൽ

. ഗ്രൂപ്പ് റൗണ്ടിലെ മൂന്നാം മത്സരത്തിലും ജയിച്ച ആസ്ട്രേലിയ ഗ്രൂപ്പ് ബിയിൽനിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായി.

. മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെ 33 റൺസിനാ് ആസ്ട്രേലിയൻ വനിതകൾ കീഴടക്കിയത്.

. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 153/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ന്യൂസിലൻഡ് 17.3 ഒാവറിൽ 120 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.

. ഇന്ത്യയുമായാണ് ആസ്ട്രേലിയുടെ അവസാന മത്സരം. ഇന്ത്യ ഇന്ന് ജയിച്ചാൽ ശനിയാഴ്ച നടക്കുന്ന ഇൗ മത്സരത്തിന് പ്രസക്തി നഷ്ടമാകും.