gh

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽപ്പെട്ട കോർപറേഷൻ പരിധിയിലെ ഭൂരിപക്ഷം പേർക്കും അടിയന്തര സഹായമായ 10000 രൂപ സർക്കാർ നൽകിയില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. സഹായം കൈപ്പറ്റിയവരിൽ അനർഹരുണ്ടെന്നും ആക്ഷേപമുണ്ട്. കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബി.ജെ.പി പ്രതിനിധികളുന്നയിച്ച ക്രമക്കേട് പരിശോധിക്കാമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. ജഗതി വാർഡിൽ കിള്ളിയാറിന്റെ കരകളിലെ ഇടപ്പഴിഞ്ഞി മുതൽ കണ്ണേറ്റുമുക്ക് വരെയുള്ള ഭാഗത്തെ 542 വീടുകളിൽ പ്രളയത്തിൽ നാശമുണ്ടായെന്നാണ് കണക്ക്. ഇതിൽ 122 പേർക്കു മാത്രമേ സഹായം ലഭിച്ചുള്ളൂ. കാലടി വാർഡിൽ കരമനയാറിന്റെ വശങ്ങളിലെ 386 വീടുകൾക്ക് നാശനഷ്ടമുണ്ടായെങ്കിലും 36 പേർക്കാണ് സഹായം ലഭിച്ചത്. വലിയശാല വാർഡിൽ 390 വീടുകളിൽ മഴവെള്ളം കയറി. ഇതിൽ 126 പേർ രണ്ടാഴ്‌ച ചാല ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലേയും മേലാറന്നൂർ സർക്കാർ ക്വാട്ടേഴ്‌സിലേയും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിഞ്ഞത്. എന്നാൽ സർക്കാർ സഹായം ലഭിച്ചത് 11 പേർക്കു മാത്രം. കരമന വാർഡിൽ അർഹരായി മൂന്നുപേരെ കണ്ടെത്തിയെങ്കിലും ആർക്കും നയാപൈസ ലഭിച്ചിട്ടില്ലത്രേ. മുമ്പ് വീടു തകർന്നവരും നാശനഷ്ടമുണ്ടായവരുമടക്കം സർക്കാരിന്റെ പ്രളയ സഹായം നേടിയെത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 10000 രൂപ സഹായത്തിനായി ജഗതി വാർഡിൽ നിന്ന് മാത്രം ആയിരത്തോളം അപേക്ഷകൾ ജില്ലാ ഭരണകൂടത്തിനും കോർപറേഷനും ലഭിച്ചു. ഇതു സൂക്ഷ്മപരിശോധന നടത്തിയപ്പോഴാണ് അനർഹർ തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയത്.

കുടുംബശ്രീ വായ്‌പ വാഗ്‌ദാനം പാഴായി

വീട്ടുപകരണങ്ങൾ നഷ്‌ടപ്പെട്ടവർക്ക് കുടുംബശ്രീയിൽ നിന്ന് പലിശയില്ലാതെ ഒരു ലക്ഷം രൂപ വായ്‌പ ലഭിക്കുമെന്ന സർക്കാർ വാഗ്‌ദാനവും പാഴായി. വായ്‌പ ലഭിച്ചവരിൽ നിന്ന് പലിശയായി 24,000 രൂപ ആദ്യമേ ഈടാക്കിയ ശേഷമാണത്രെ ബാക്കി തുക നൽകിയത്. എന്നാൽ കോർപറേഷൻ പരിധിയിലെ 1561 പേർക്ക് സർക്കാർ സഹായം കൈമാറിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. കുടുംബശ്രീ വായ്‌പയിൽ നിന്ന് പലിശ ഈടാക്കിയത് പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കരമന വാർഡ് കൗൺസിലർ അജിത്താണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. പ്രളയത്തിൽ തകർന്ന റോഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നില്ലെന്ന് ആർ. സതീഷ്‌കുമാർ ആരോപിച്ചു. ശബരിമല വിഷയത്തിൽ ദുരിതാശ്വാസ സഹായ വിതരണം മുങ്ങിപ്പോയെന്ന് യു.ഡി.എഫ് കൗൺസിലർ ബീമാപ്പള്ളി റഷീദ് ആരോപിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ജോൺസൺ ജോസഫ്, കൗൺസിലർമാരായ തിരുമല അനിൽ, വിജയൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.