തിരുവനന്തപുരം : ബാറ്റിംഗിലെന്നപോലെ ബൗളിംഗിലും ജലജ് സക്‌സേന മിന്നിത്തിളങ്ങിയപ്പോൾ ആന്ധ്രയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം വിജയം മണക്കുന്നു.
ആദ്യ ഇന്നിംഗ്സിൽ 254 ന് പുറത്തായ ആന്ധ്രയ്ക്കെതിരെ കേരളം മൂന്നാം ദിനമായ ഇന്നലെ 328 റൺസിന് ആൾ ഒൗട്ടായി.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആന്ധ്ര കളിനിറുത്തുമ്പോൾ 12/8 എന്ന നിലയിലാണ് . ഇപ്പോൾ 28 റൺസിന്റെ ലീഡ് മാത്രമാണ് ആന്ധ്രയ്ക്കുള്ളത് അവസാന ദിവസമായ ഇന്ന് രാവിലെ അവശേഷിക്കുന്ന
രണ്ട് ആന്ധ്രാവിക്കറ്റുകൾകൂടി പിഴുതെടുത്ത ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിവിജയം നേടാനാണ് കേരളം കൊതിക്കുന്നത്
227/1 എന്ന നിലയിലാണ് കേരളം ഇന്നലെ ബാറ്റിംഗിനിറങ്ങിയത്. 44 ഒാവറുകൾ കൂടി ബാറ്റ് ചെയ്ത കേരളം 328 ന് ആൾ ഒൗട്ടാവുകയായിരുന്നു. 127 റൺസുമായി കളി തുടരാനെത്തിയ ജലജ് സക്‌സേന 133 ൽ പുറത്തായി. രോഹൻ ഗ്രേം (47), സഞ്ജു (0), സച്ചിൻ ബേബി (21), വി.എ. ജഗദീഷ് (20), സൽമാൻ നിസാർ (14), അക്ഷയ് ചന്ദ്രൻ (15), ബേസിൽ തമ്പി (3), കെ.സി. അക്ഷയ് (2) എന്നിവരുടെ വിക്കറ്റുകളാണ് തുടർന്ന് കേരളത്തിന് നഷ്ടമായത്.
74 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആന്ധ്രയെ ജലജ് സക്‌സേന ഒറ്റയ്ക്കാണ് തകർത്തുകളഞ്ഞത്. ഇന്നലെ വീണ എട്ട് ആന്ധ്രവിക്കറ്റുകളിൽ ഏഴും ജലജിന്റെ പേരിലാണ് കുറിച്ചത്.
അശ്വിൻ ഹെബാറിനെ (11) സൽമാൻ നിാറിന്റെ കൈയിലേൽപ്പിച്ചാണ് ജലജ് വേട്ട തുടങ്ങിയത്. സഹ ഒാപ്പണർ ഡി.ബി. പ്രശാന്തിനെയും (10), ജലജ് തന്നെ കൂടാരം കയറ്റി. തുടർന്ന് നായകൻ ബി സുമന്തിനെ (0) സൽമാൻ നിസാർ കൂടാരം കയറ്റി. പിന്നീട് കരൺശർമ്മ (2), ശിവചരൺ സിംഗ് (19), ഷൊയ്ബ് ഖാൻ (4), ജി. മനീഷ് '(23) എന്നിവർ വരിവരിയായി ജലജ് സക്‌സേനയുടെ വലയിൽ വീണു. 19 ഒാവർ എറിഞ്ഞ ജലജ് ഒരു മെയ്ഡനടക്കം 44 റൺസ് വഴങ്ങിയാണ് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്.
കളിനിറുത്തുമ്പോൾ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്ന റിക്കി ഭുയി 30 റൺസുമായി ക്രീസിലുണ്ട്. റൺസെടുക്കാതെ ബി അയ്യപ്പയാണ് ഭുയിക്ക് കൂട്ട്.
ജലജ് ജാലം
232 പന്തുകൾ
11 ഫോറുകൾ
133 റൺസ്
19 ഒാവറുകൾ
12 മെയ്‌ഡൻ
44 റൺസ്
7 വിക്കറ്റുകൾ