പോത്തൻകോട്: വിവിധ മേഖലകളിൽ പോത്തൻകോട് ടൗണിന്റെ വികസന പ്രവർത്തനങ്ങളോട് ഗ്രാമ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവരുടെ അവഗണനക്കെതിരെ പ്രക്ഷോഭവുമായി നാട്ടുകാരും വ്യാപാരികളും രംഗത്തിറങ്ങി. ഇതേ ആവശ്യമുന്നയിച്ച് ടൌൺ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനവും റീത്തുവയ്ക്കലും നടത്തിയിരുന്നെങ്കിലും അധികൃതർക്ക് മിണ്ടാട്ടമില്ല.
1 . തെരുവ് വിളക്കുകൾ കത്തുന്നില്ല
ജംഗ്‌ഷനിൽ ബസ് ടെർമിനലിന് സമീപം പ്രവർത്തിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും തെരുവ് വിളക്കുകളും പ്രവർത്തിക്കാതായിട്ട് വർഷങ്ങളായി. എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ കത്തിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
2 . പബ്ലിക് മാർക്കറ്റ്
ജില്ലയിലെ പ്രധാന കാർഷിക മാർക്കറ്റുകളിൽ ഒന്നായ പോത്തൻകോട് മാർക്കറ്റിൽ ശുചീകരണം നടക്കുന്നേയില്ല. രണ്ട് ജീവനക്കാരെ നിയമിച്ചതായി പറയുന്നുണ്ടെങ്കിലും അവരെ കണ്ടവരില്ല. മത്സ്യ മാർക്കറ്റിൽ പ്രവേശിക്കാൻ കഴിയാത്തവിധം ദുർഗന്ധമാണ്. രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങൾ വിൽക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. ഇരിപ്പിടത്തിൽ പടി കിട്ടുന്നതിനാൽ പഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥരും അങ്ങോട്ട് വരാറില്ല.തുമ്പൂർമുഴി പദ്ധതിക്ക് പകരം കുന്നംകുളം മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായ പ്ലാന്റിന്റെ പണികൾ പാതിവഴിയിൽ മുടങ്ങി. മാർക്കറ്റ് വഴിയുള്ള പഞ്ചായത്തിന്റെ വരവ്
മാർക്കറ്ര് ഗേറ്റ് കളക്ഷൻ 15 ,26 , 000 രൂപ.
33 സ്റ്റാളുകളുടെ ലേലം വക 3 ,30 ,300 രൂപ.
3 യഥാർത്ഥ കർഷകർക്ക് മാർക്കറ്റിനുള്ളിൽ വിലക്ക്
കാർഷിക വിളകളുടെ കച്ചവടത്തിനായുള്ള മാർക്കറ്രിലെ കെട്ടിടത്തിൽ കർഷകരെ കച്ചവടത്തിന് അനുവദിക്കുന്നില്ല. ഇത് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മൊത്തക്കച്ചവടക്കാരുടെ ഗോഡൗണാക്കി മാറ്റി. ഇതിനെതിരെയുളള പരാതികളിലും നടപടിയായില്ല.
4 . മാർക്കറ്റ് ഗേറ്റ് കളക്ഷൻ
മാർക്കറ്റിൽ വില്പനയ്ക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ ഗേറ്റ് കളക്ഷൻ നിരക്കുകൾ പ്രദർശിപ്പിക്കുന്നില്ല. നിയമാനുസൃതമായ നിരക്കുകൾ എത്രയെന്ന് പഞ്ചായത്തിന് പോലും അറിയില്ല. സ്ഥലപരിമിതിമൂലം നട്ടംതിരിയുന്ന മാർക്കറ്റിനുള്ളിൽ ചന്ത ദിവസങ്ങളായ ബുധൻ, ശനി ദിവസങ്ങളിൽ വാഹനങ്ങൾ കയറ്റാൻ പാടില്ലെന്ന നിയമവും മറന്നമട്ടാണ്.
5 . ഗതാഗത കുരുക്കും
ട്രാഫിക് കുരുക്ക് പരിഹരിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ജംഗ്‌ഷനിൽ ഒരു മൂകസാക്ഷിയായി നിൽക്കുന്നുണ്ട്. ജംഗ്‌ഷനിലെ അശാസ്ത്രീയമായ ഓട്ടോ-ടെമ്പോ സ്റ്റാന്റുകൾ മാറ്റി സ്ഥാപിച്ചാൽ ഗതാഗത പ്രശ്‍നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകും.
6 . പൊട്ടിയൊലിക്കുന്ന ഓടകളും
നവീകരണത്തിന്റെ പേരിൽ കെ.എസ്.ടി.പി. അധികൃതർ ഓടകൾ വെട്ടിപ്പൊളിച്ചിട്ടിട്ട് ഒരു വർഷത്തിലേറെയായി. മലിനജലത്തിൽ ചവിട്ടി ദുർഗന്ധം കാരണം മൂക്കും പൊത്തിയാണ് ആളുകൾ ഇതുവഴി പോകുന്നത്.