കൊട്ടാരക്കര: ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലുള്ള മരുമകന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പനവേലി വലിയപുര പുത്തൻവീട്ടിൽ മകളുടെ വീട്ടിലെത്തിയ കൊല്ലം പേരൂർ സ്വദേശി സഹദേവനാണ് (70) മരിച്ചത്. മകളുടെ ഭർത്താവ് സുകുമാരനാണ് അറസ്റ്റിലായത്.
വാരിയെല്ലിനേറ്റ പൊട്ടലും നെഞ്ചിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമേറ്റ മർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 4നാണ് പനവേലിയിലുള്ള കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സഹദേവൻ എത്തിയത്. കഴിഞ്ഞ പത്തുദിവസം പനവേലിയിൽ മകൾ ലതികയ്ക്കൊപ്പമാണ് സഹദേവൻ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച സന്ധ്യയോടെ സഹദേവനെ മരിച്ച നിലയിൽ മരുമകനും ബന്ധുക്കളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കല്ലിൽ തട്ടിവീണ് പരിക്കേറ്റെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞിരുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മർദ്ദിച്ചതായി സമ്മതിച്ചത്. ചൊവ്വാഴ്ച കൊച്ചുമകളും ഭർത്താവും പനവേലിയിലെ വീട്ടിൽ വിരുന്നിനെത്തി. ഈ സമയം മദ്യലഹരിയിലായിരുന്ന സഹദേവൻ ഇവരെ അസഭ്യം പറയുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിൽ മർദ്ദിച്ചെന്നാണ് സുകുമാരൻ മൊഴി നൽകിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.