c

തിരുവനന്തപുരം: വിശ്വാസികളെ മുതലെടുത്ത് പ്രശ്നങ്ങളുണ്ടാക്കി ശബരിമലയിൽ പൊലീസ് നടപടി ബോധപൂർവം സൃഷ്ടിച്ച് കലാപമുണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തിര‌ഞ്ഞെടുക്കപ്പെട്ട എ.എ. റഹീം പറഞ്ഞു. അത്തരം ശ്രമങ്ങളെ തന്ത്രപൂർവം കൈകാര്യം ചെയ്ത് പരാജയപ്പെടുത്താൻ കെൽപ്പുള്ള മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. മതപരമായ വികാരങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമം. അരക്കോടിയിൽ അധികം മെമ്പർഷിപ്പുള്ള കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയെ എല്ലാ വിഭാഗങ്ങളിലുംപെട്ട യുവതീ യുവാക്കളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ വളർത്തുകയാണ് ലക്ഷ്യം. എ.എ. റഹീം 'ഫ്ളാഷി'നോട് സംസാരിക്കുന്നു:


സംഘപരിവാർ പ്രചാരണം

ശബരിമലയിലെ യുവതീ പ്രവേശനമൊന്നുമല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. അതിനെക്കാൾ പ്രാധാന്യമുള്ള വിഷയമാണ് പ്രളയാന്തരമുള്ള നവകേരള നിർമ്മാണം. ശബരിമലയിലെ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോയി നവകേരള നിർമ്മാണത്തിന്റെ ഫണ്ടിംഗ് തടസപ്പെടുത്തരുത്. ശബരിമല വിഷയത്തിൽ സംഘപരിവാറും ബി.ജെ.പിയും ഒാരോ വീടുകളും കയറിയിറങ്ങി കുപ്രചാരണം നടത്തുന്നതിന് പുറമേ നവകേരള നിർമ്മാണത്തിൽ ആരും സർക്കാരിന് പണം നൽകരുതെന്ന് കൂടി പറയുന്ന ദുരവസ്ഥ നിലവിലുണ്ട്.


കഴിഞ്ഞ നേതൃത്വം മികച്ചത്

എ.എൻ. ഷംസീറിന്റെയും എം.സ്വരാജിന്റെയും കീഴിലുണ്ടായിരുന്നത് മികച്ച നേതൃത്വമായിരുന്നു. മെമ്പർഷിപ്പ് അരക്കോടിയിൽ അധികമെത്തുകയും യുവധാരയ്ക്ക് സ്വന്തമായി ആസ്ഥാനമുണ്ടാവുകയും ചെയ്തതെല്ലാം ആ നേതൃത്വത്തിന്റെ ശ്രമഫലമായാണ്. അവരുടെ പ്രവർത്തനത്തെ മാതൃകയാക്കി മുന്നോട്ട് പോവുകയാണ് ലക്ഷ്യം.

അസംഘടിത മേഖലയിൽ യൂണിറ്റ്

അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ സംഘടിപ്പിക്കുക എന്നതാണ് തന്റെ ആദ്യ ദൗത്യം. നവ ലിബറൽ സാമ്പത്തിക നയങ്ങൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് യുവജനങ്ങളെയാണ്. ജീവിതച്ചെലവ് ഉയരുകയും വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ തൊഴിൽരഹിതർക്ക് ജോലി ലഭ്യമാക്കുക എന്നതിലുപരി ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം വാങ്ങിക്കൊടുക്കുക എന്നതിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. അസംഘടിത മേഖലയിൽ യൂണിറ്റുകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

c

പ്രായപരിധി വിവാദം മാദ്ധ്യമസൃഷ്ടി

ഡി.വൈ.എഫ്.ഐ നേതൃത്വം തയാറാക്കിയ പട്ടിക സി.പി.എം സംസ്ഥാന നേതൃത്വം തള്ളിയെന്നും പ്രായപരിധിയുടെ പേരിൽ ആദ്യപട്ടികയിൽ നിന്ന് ഒഴിവാക്കിയ എസ്. സതീഷിനെയും തന്നെയും ഭാരവാഹികളാക്കാൻ സി.പി.എം നിർദ്ദേശിച്ചെന്നുമുള്ള വിവാദങ്ങൾ മാദ്ധ്യമ സൃഷ്ടിയാണ്. അത്തരം സംഭവങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

പെൻഷൻ പ്രായം കൂട്ടാൻ അനുവദിക്കില്ല

ഒരു കാരണവശാലും പെൻഷൻ പ്രായം കൂട്ടാൻ അനുവദിക്കില്ല. ഡി.വൈ.എഫ്.ഐക്ക് എക്കാലവും അതിനോട് വിയോജിപ്പാണുള്ളത്. ചരിത്രത്തിൽ ഏറ്റവും അധികം യുവതീ യുവാക്കൾക്ക് ഒട്ടനവധി മേഖലകളിൽ പി.എസ്.സി വഴി നിയമനം നൽകിയ ഇടതുപക്ഷ സർക്കാരിന്റെ കാലമാണിത്. ഇനിയും നിയമനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ പി.എസ്.സി ചെയർമാനുമായി ഒരു കൂടിക്കാഴ്ച നടത്താനൊരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ.