sab

തിരുവനന്തപുരം: 62 ദിവസത്തെ മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ പൊലീസിന്റെ സുരക്ഷാ കോട്ട ഉയർത്താനാണ് സർക്കാരിന്റെ ശ്രമം. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഇന്നലെ നിലയ്ക്കലിലും പമ്പയിലുമെത്തി സുരക്ഷാതന്ത്രങ്ങൾ വിലയിരുത്തി.

യുവതീ പ്രവേശനത്തിൽ എതിർപ്പ് കൂടാനിടയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധക്കാർ നൂറു കണക്കിന് കേഡർമാരെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിച്ചിട്ടുണ്ടെന്നും മുതിർന്ന സ്ത്രീകളുടെ പ്രതിരോധകവചം കാനന പാതയിൽ പലേടത്തുമുണ്ടാകുമെന്നും ഇന്റലിജൻസ് പറയുന്നു. നാമജപ സംഘങ്ങളും പതിന്മടങ്ങുള്ളതിനാൽ സന്നിധാനത്തും സംഘർഷം പടരാമെന്നും മുന്നറിയിപ്പുണ്ട്.

48 മണിക്കൂറിനകം ദർശനം പൂർത്തിയാക്കി മലയിറങ്ങണമെന്ന നിർദ്ദേശത്തിന് നിയമ സാധുതയില്ലാത്തതും പാതകളിലൂടെ പ്രതിഷേധക്കാർ നടന്നെത്താമെന്നതും പൊലീസിന് തലവേദനയാണ്.

പൊലീസിന്റെ തന്ത്രങ്ങൾ

യുവതികളുമായി ഹെലികോപ്‌ടർ...?

പ്രതിഷേധം കനത്താൽ യുവതികളെ ഹെലികോപ്‌ടറിൽ സന്നിധാനത്ത് എത്തിക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. പാണ്ടിത്താവളത്തെ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാനാവും. രണ്ട് ഇരട്ട എൻജിൻ ഹെലികോപ്‌ടറുകൾക്ക് നിലയ്ക്കൽ ഹെലിപ്പാഡിൽ ലാൻഡിംഗിന് സൗകര്യമുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തിനായി ശരംകുത്തിയിൽ ഹെലിപ്പാഡ് സജ്ജമാക്കിയിരുന്നു. സംഘർഷമുണ്ടായാൽ യുവതികളെ കോപ്‌ടറിൽ തിരികെകൊണ്ടുപോകാനും പദ്ധതിയുണ്ട്. ഹെലികോപ്‌റ്ററുകൾ വാടകയ്ക്കെടുക്കുന്നതായാണ് വിവരം. അടിയന്തര സാഹചര്യത്തിലെ രക്ഷാപ്രവ‌ർത്തനത്തിനേ കോപ്‌ടറുകൾക്ക് നിലവിൽ അനുമതിയുള്ളൂ.

ദർശനത്തിനെത്തുന്നവർക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടാക്കാനാണ് സേനാവിന്യാസം. പക്ഷേ, സന്നിധാനത്ത് പൊലീസ്‌ നടപടി പ്രയാസകരമാണ്. കാനനപാതയിലൂടെ ഓടാൻ പറ്റില്ല. ഭക്തർ താഴെവീണ് വലിയ അത്യാഹിതങ്ങളുണ്ടാകും. അറസ്റ്റ്ചെയ്യുന്നവരെ സുരക്ഷിതമായി പമ്പയിലെത്തിക്കുന്നതും ശ്രമകരം. പൊലീസ് മാത്രമല്ല, എല്ലാവകുപ്പുകളും ചേർന്നാലേ പഴുതുകൾ അടയ്ക്കാനാവൂ.

- ലോക്‌നാഥ് ബെഹ്റ, ഡി.ജി.പി

''എല്ലാ തീർത്ഥാടകർക്കും സുരക്ഷ നൽകും. ആരെയും ബലമായി കയറ്റില്ല. യുവതികളെത്തിയാൽ സാഹചര്യം വിലയിരുത്തി സുരക്ഷയൊരുക്കും.

പി.വിജയൻ, ഐ.ജി