നെയ്യാറ്റിൻകര: ഒരു സ്റ്റേഡിയം വേണമെന്ന കായിക പ്രേമികളുടെ ആവശ്യം ഇതുവരെ അധികൃതരുടെ പരിഗണനയുടെ ട്രാക്കിലില്ല.1913 ൽ നെയ്യാറ്റിൻകര നഗരസഭ രൂപീകരിച്ച കാലം മുതൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെക്കുറിച്ച് നഗരസഭാധികൃതർ ആലോചിക്കുന്നെങ്കിലും ഇതേ വരെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. ടി.ബി ജംഗ്ഷന് സമീപം തരിശുകിടന്ന ഭൂമി സ്റ്റേഡിയം നിർമ്മാണത്തിനായി ഘട്ടംഘട്ടമായി പരിഷ്കരിച്ചെങ്കിലും ഇപ്പോൾ സ്പോർട്സിന്റെ ട്രാക്ക് മാറ്റി ഓടിക്കുവാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായാണ് ആരോപണം.
കായിക സ്പോർട്സ് രംഗത്ത് മികവു തെളിയിച്ച ധാരാളം കായിക താരങ്ങൾ നെയ്യാറ്റിൻകരയിലുണ്ട്. ഇവരുടെ ഗൈഡൻസ് ആഗ്രഹിക്കുന്ന സ്കൂൾകുട്ടികൾക്ക് പരിശീലനം നടത്തുവാൻ സ്റ്റേഡിയമില്ലാത്തത് കാരണം നെയ്യാറ്റിൻകര നിവാസികളായ കായിക രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികൾ മറ്റ് കായിക രംഗങ്ങളിൽ നിന്നും പിന്തള്ളപ്പെട്ടതായി രക്ഷിതാക്കൾ പറയുന്നു. അതേസമയം കുളത്താമൽ വാർഡിൽ സ്റ്റേഡിയം നിർമ്മിക്കുമെന്നാണ് 2018-19 ലെ ബഡ്ജറ്റ് റിപ്പോർട്ടിൽ നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്.
വരുമാനം തടസമായി
സ്റ്റേഡിയം നിർമ്മിക്കാനായി പല വട്ടം നഗരസഭ ആലോചിച്ചെങ്കിലും നഗരസഭയ്ക്കുള്ള ഒരു വരുമാനമായി ഈ തരിശ് ഭൂമി മാറിയതോടെയാണ് സ്റ്റേഡിയം പണി നഗരസഭ റിവേഴ്സ് ഗിയറിലാക്കിയത്. ആദ്യകാലത്ത് സ്വകാര്യ ഡ്രൈവിംഗ് സ്കളൂകാർക്ക് തരിശ്ഭൂമി വാടകയ്ക്ക് നൽകി കാശുണ്ടാക്കി. പിന്നീട് വിവിധ മേളകൾക്കും മറ്റുമായി ഭൂമി വാടകയ്ക്ക് നൽകി തുടങ്ങി. പിന്നീട് രോഗശാന്തി ശുശ്രൂഷർക്കും പള്ളി അധികൃതർക്കും ദിവസവാടകയ്ക്ക് നൽകി.ഇപ്പോൾ ഏറ്റവും ഒടുവിൽ സ്ഥിരമായി ഒരു സ്റ്റേജ് നിർമ്മാണത്തിനുള്ള പണി ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗവും രോഗശാന്തി ശുശ്രൂഷകർക്കും വേണ്ടിയാണത്രേ സ്റ്റേജ് നിർമ്മാണം. വാടക ഇനത്തിൽ ലക്ഷങ്ങൾ നഗരസഭയ്ക്ക് ലഭിക്കുമ്പോൾ കായിക പ്രേമികളുടെ ചിരകാലമോഹമാണ് ഇവിടെ കരിഞ്ഞു വീഴുന്നത്.