ന്യൂഡൽഹി: തമിഴ്നാട്ടിൽ നാശംവിതച്ച ഗജ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് വരുമെന്ന് സൈക്ലോൺ വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. കേരളതീരത്തെയും ലക്ഷദ്വീപ് മേഖലയിലെയും മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കരയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിൽ ഇതുവരെ 36 പേർ മരിച്ചു. കടലൂർ, നാഗപട്ടണം, പുതുക്കോട്ട, തിരുവരൂർ എന്നീ ജില്ലകളിലാണ് ഗജ വീശിയടിച്ച കാറ്റിൽ ഫോൺ, വൈദ്യുതി ബന്ധങ്ങൾ നിലച്ചിരിക്കുകയാണ്. മരങ്ങൾ വീണ് പലയിടത്തും റോഡ്, റെയിൽ ഗതാഗതം സ്തംഭിച്ചു. ആയിരത്തിലേറെ കന്നുകാലികളും ചത്തിട്ടുണ്ട്. ദുർബലമായ ഗജ അറബികടൽ ലക്ഷ്യമാക്കി പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയിരിക്കുകയാണ്. ഗജയുടെ പിന്തുടർച്ചയായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റിന് തായ്ലൻഡ് നിർദ്ദേശിച്ച പെയ് തി എന്ന പേരാണ് നൽകുക.