ആറ്റിങ്ങൽ: വിസ്മൃതിയിലേയ്ക്ക് പോകുന്ന കൈത്തറി വസ്ത്രങ്ങളുടെ പ്രതാപം വീണ്ടെടുക്കാൻ തോന്നയ്ക്കൽ സായിഗ്രാമം. പുതിയ തറികളും തൊഴിലാളികളെയും എത്തിച്ച് ഇവിടെ കൈത്തറി യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. സായിഗ്രാമത്തിന്റെ ഗ്രാമസ്വരാജ് പദ്ധതിയുടെ ഭാഗമായാണ് കൈത്തറി ഉത്പാദനം ആരംഭിച്ചത്. മുൻപ് കൈത്തറിക്ക് ഏറെ പ്രചാരമുണ്ടായിരുന്ന സ്ഥലമായിരുന്നു ആറ്റിങ്ങൽ. ഇന്ന് ഇത് ഇവിടെ നിന്ന് പൂർണമായും അപ്രത്യക്ഷമായി കഴിഞ്ഞു. തുടർന്നാണ് പരമ്പരാഗത തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ സായിഗ്രാമം കൈത്തറി തുണിത്തരങ്ങളുടെ ഉത്പാദന മേഖലയിലേയ്ക്ക് തിരിഞ്ഞത്.
സായിഗ്രാം ആരംഭിച്ച കാലത്തുതന്നെ രണ്ട് തറികൾ ഇവിടെ സ്ഥാപിച്ചിരുന്നു. തദ്ദേശീയരായ തൊഴിലാളികളാണ് അന്ന് പണിയെടുത്തിരുന്നത്. ഇവർ പോയതോടെ ഉത്പാദനം നിലച്ചു. ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും പരിചയസമ്പന്നരായ നാല് തൊഴിലാളികളെ എത്തിച്ചാണ് ഉൽപ്പാദനം പുനരാരംഭിച്ചത്. രണ്ട് തറികൾ കൂടി ഇപ്പോൾ പുതുതായി സ്ഥാപിച്ചുകഴിഞ്ഞു.
ആറ്റിങ്ങലിലെ ഒരു കൈത്തറി സഹകരണ സംഘം ഇന്ന് കെട്ടിടം വാടകയ്ക്ക് കൊടുക്കലാണ് പ്രധാനമായും നടത്തുന്നത്. പ്രതാപകാലത്ത് നിർമ്മിച്ച ഗോഡൗണും മറ്റ് സൗകര്യങ്ങളും മദ്യശേഖരണത്തിനുള്ള ഗോഡൗണായാണ് നൽകിയിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ പോലും ലക്ഷ്യം വിട്ട് ലാഭം മാത്രം മുന്നിൽ കണ്ട് മറ്റ് മേഖലകളിലേക്ക് തിരിയുമ്പോൾ ഒരു എൻ.ജി.ഒ.യുടെ നേതൃത്വത്തിൽ നടത്തുന്ന കൈത്തറി പുനരുജ്ജീവന പദ്ധതി മാതൃകാപരമാണ്.