ആറ്റിങ്ങൽ: വർഷങ്ങളായി തരിശ് കിടന്ന മേൽക്കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ പഴഞ്ചിറ പാടശേഖരത്തിൽ നെൽകൃഷി പുനരാരംഭിച്ചു. ചിറയിൻകീഴ് സർവീസ് സഹകരണ സംഘവും മിൽകോ ഡയറിയും സംയുക്തമായാണ് കൃഷിയിറക്കിയത്. 40 ഹെക്ടറോളം വരുന്ന പാടശേഖരത്തിന്റെ പകുതിയോളം ഭാഗത്താണ് കൃഷി. ഡെപ്യൂട്ടി സ്പീക്കർ വി. ശശി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജബീഗം, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കനകദാസ്, സംഘം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, പഞ്ചമം സുരേഷ് എന്നിവർ പങ്കെടുത്തു. ത്രിതല പഞ്ചായത്തുകളുടെ സഹകരണവും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായം കൂടി ലഭിച്ചതോടെ കാർഷിക സംസ്കൃതി വീണ്ടെടുക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് കർഷകർ.