ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്ക് ഉയർത്തപ്പെട്ട തിരുവനന്തപുരത്തെ സർക്കാർ കണ്ണാശുപത്രിക്കുവേണ്ടി പുതിയൊരു മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങിയിട്ട് പത്തുവർഷത്തിലധികമായി. നിന്നുതിരിയാൻ ഇടമില്ലാതെ രോഗികളെയും ഡോക്ടർമാരെയും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ഏറെ പഴക്കംചെന്ന കെട്ടിടങ്ങളിലാണ് ഇപ്പോൾ കണ്ണാശുപത്രി പ്രവർത്തിക്കുന്നത്. നേരെ എതിർവശത്ത് ബഹുനിലകളായി കെട്ടിപ്പൊക്കിയ പുതിയ കണ്ണാശുപത്രി മന്ദിരത്തെ നോക്കി രോഗികൾ പ്രതീക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ലക്ഷക്കണക്കിന് അടിവിസ്തീർണമുള്ള കൂറ്റൻ കെട്ടിടങ്ങൾപോലും മൂന്നുംനാലും വർഷംകൊണ്ട് പണിപൂർത്തിയാക്കാറുള്ള ഇക്കാലത്ത് പത്തുവർഷമായിട്ടും പ്രവർത്തിക്കാൻ കഴിയാത്ത നിലയിൽ ഒരു സർക്കാർ ആശുപത്രി മന്ദിരം നിൽക്കുന്നത് ഉത്തരവാദപ്പെട്ടവർ അന്വേഷിക്കേണ്ട കാര്യമാണ്. കണ്ണാശുപത്രിയുടെ പുതിയ മന്ദിരം അടിയന്തരമായി തുറന്നുകൊടുക്കാൻ നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷൻ ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ് രണ്ടുമാസത്തെ സാവകാശവും നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും കണ്ണാശുപത്രി നിർമ്മാണത്തിലെ മെല്ലേപ്പോക്ക് നിയമസഭയിൽവരെ എത്തിയതാണ് . എല്ലാം ഉടനടി തീരുമെന്ന പതിവ് പല്ലവിപാടി ചോദ്യം അവസാനിപ്പിക്കുന്ന നയമാണ് അപ്പോഴൊക്കെ അധികൃതർ സ്വീകരിച്ചുപോന്നത്.
സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന ഏത് നിർമ്മാണ പ്രവർത്തനങ്ങളുടെയും പൊതുശൈലി തന്നെയാണ് കണ്ണാശുപത്രിയുടെയും കാര്യത്തിൽ കാണാവുന്നത്. ഒന്നിനും ഒരു തീർച്ചയും മൂർച്ചയുമില്ലാത്ത അവസ്ഥ. നിർമ്മാണത്തിലുള്ളത് വളരെ പ്രധാനപ്പെട്ട ഒരു ആശുപത്രി മന്ദിരമായിട്ടുപോലും അതിന്റെ പുരോഗതി വിലയിരുത്താനോ തടസങ്ങളുണ്ടെങ്കിൽ അവയ്ക്ക് സത്വര പരിഹാരം കാണാനോ ഉത്തരവാദപ്പെട്ട ആരുമില്ലെന്നുവരുന്നത് എന്തൊരു അരാജകത്വമാണ് . ആരോഗ്യവകുപ്പിനും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർമ്മാണജോലിയുടെ ചുമതലയുള്ള മരാമത്തു ചീഫ് എൻജിനീയർക്കുമൊന്നും ഇതിൽ ഒരു പങ്കുമില്ലേ? ഇൗ ഉദ്യോഗസ്ഥ പ്രമുഖന്മാരുടെയൊക്കെ മൂക്കിന് താഴെയല്ലേ പത്തുവർഷമായി പേക്കോലം പോലെ പുതിയ കണ്ണാശുപത്രി മന്ദിരം അപൂർണമായി നിൽക്കുന്നത്? കണ്ണാശുപത്രിയുടെ പരിസരത്തുപോലും പോയിട്ടുള്ളവർക്കറിയാം അവിടത്തെ ശ്വാസംമുട്ടുന്ന അന്തരീക്ഷം. ഏത് വിധേനയും പുതിയ മന്ദിരത്തിലേക്ക് പ്രവർത്തനം മാറ്റാൻ എല്ലാവരും ചേർന്ന് ശ്രമിക്കേണ്ടതിന് പകരം ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ തപസ്സനുഷ്ഠിക്കുകയാണ് ചുമതലപ്പെട്ടവർ. പുതിയ മന്ദിരം തുറന്നാലേ ഇപ്പോഴത്തെ കണ്ണാശുപത്രിയിലെ അസൗകര്യങ്ങൾക്ക് പരിഹാരമുണ്ടാവുകയുള്ളൂ എന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണത്തിന് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ മറുപടി നൽകിയത്. അഗ്‌നിശമന സേവനങ്ങൾ, വാട്ടർ കണക്‌ഷൻ മെഡിക്കൽ ഗ്യാസ്, പൈപ്പ് ലൈൻ ജോലികൾ തുടങ്ങിയവ ഇനിയും പൂർത്തിയാക്കാനുണ്ടത്രെ, പൂർത്തിയാക്കേണ്ട പ്രവൃത്തികളുടെ പട്ടിക നൽകുന്നതിലല്ല എന്തുകൊണ്ടാണ് ഇത്ര നാളായിട്ടും അവ നടപ്പാകാതെ പോയത് എന്നതിന്റെ വിശദീകരണമാണ് യഥാർത്ഥത്തിൽ ആവശ്യപ്പെടേണ്ടത്. ഇന്നത്തെക്കാലത്ത് ഇൗവക ജോലികൾ പൂർത്തിയാക്കാൻ അധികകാലമൊന്നും വേണ്ട. വിദഗ്ദ്ധരായ തൊഴിലാളികളും ഉപകരണങ്ങളുമൊക്കെ സുലഭമായ കാലമാണിത്.
സർക്കാർ മരാമത്ത് പണികൾ നീട്ടിക്കൊണ്ടുപോകുന്നത് പലർക്കും ആദായ മാർഗമായി മാറുമ്പോഴാണ് ഇതുപോലുള്ള ഉഡായിപ്പുകൾ സംഭവിക്കുന്നത്. കണ്ണാശുപത്രിയുടെ കാര്യത്തിൽ മാത്രമല്ല ഏത് സർക്കാർ മരാമത്ത് പണികളിലും കാണാം ഇതുപോലുള്ള കാലവിളംബവും തരികിടകളും. ഒരുപണിയും സമയബന്ധിതമായി തീരുകയില്ല. പണി വൈകുന്നതിന് സാങ്കേതികവും അല്ലാത്തതുമായ കാരണങ്ങൾ കണ്ടെത്താൻ എളുപ്പവുമാണ്. പാലം പണി തീർന്നാലും അപ്രോച്ച് റോഡ് തീരാനായി ചിലപ്പോൾ മാസങ്ങളല്ല വർഷങ്ങൾ തന്നെ കാത്തിരിക്കണം. ആശുപത്രി മന്ദിരത്തിന്റെ പണി പൂർത്തിയായാലും രോഗികൾക്കുവേണ്ടിയുള്ള കട്ടിലും മറ്റു ഉപകരണങ്ങളും ക്രമീകരിക്കാൻ ദീർഘനാൾ കാത്തിരിക്കണം. റോഡ് പണി തീരുമ്പോഴായിരിക്കും വശങ്ങളിൽ ഒാടകൾ വേണമെന്ന വെളിപാടുണ്ടാവുക. എല്ലാപണികളും പൂർത്തിയായാലോ ഉദ്ഘാടനത്തിനായി പിന്നെയും അനിശ്ചിതമായി കാത്തിരിക്കണം. ഉദ്ഘാടകന്റെ സൗകര്യം നോക്കിവേണം അതിന് മുഹൂർത്തം കുറിക്കാൻ. തലപ്പത്തിരിക്കുന്നവരുടെ കഴിവുകേടും ആരും ചോദിക്കാനില്ലാത്ത അവസ്ഥയുമാണ് പൊതുമുതലിന്റെ ഇത്തരം ദുർവിനിയോഗത്തിന്റെ പ്രധാനഹേതു. പണി നീണ്ടുപോകുന്തോറും അടങ്കലും ഉയർന്നുകൊണ്ടിരിക്കും. വെട്ടുമേനി കിട്ടേണ്ടവർക്കൊക്കെ കിട്ടുകയും ചെയ്യും. എല്ലാവരും അറിഞ്ഞുകൊണ്ടു നടത്തുന്ന ഇത്തരം തരികിടകൾ സർക്കാർ തലത്തിലുള്ള ഏത് മരാമത്ത് പണികളുടെയും ഒഴിയാബാധയാണ്. മനുഷ്യാവകാശ കമ്മിഷനല്ല ഏത് അധികാര സ്ഥാപനങ്ങൾ ഉത്തരവിറക്കിയാലും ഇൗ സ്ഥിതിക്ക് മാറ്റമുണ്ടാകാനും പോകുന്നില്ല. മാറ്റം വരണമെങ്കിൽ പദ്ധതിയുടെമേൽ അടയിരിക്കുന്ന ഉദ്യോഗസ്ഥമേധാവികളുടെ കസേര ഇളകണം. ചുമതല നിർവഹിക്കാത്തവരെ മാതൃകാപരമായി ശിക്ഷിക്കണം.