തിരുവനന്തപുരം: സർക്കാരും പ്രതിപക്ഷവും ബി.ജെ.പിയും അവരവരുടെ മുൻ നിലപാടുകളിൽ മുറുകെ പിടിച്ച് ഒട്ടും അയയാതെ ഉറച്ച് നിന്നതോടെ ശബരിമല യുവതീപ്രവേശന വിഷയം ചർച്ച ചെയ്യാൻ കൂടിയ സർവ്വകക്ഷിയോഗം അലസി.
വിധിയിൽ വെള്ളം ചേർക്കാൻ സർക്കാരില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. പുനഃപരിശോധനാ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ച സാഹചര്യം കണക്കിലെടുത്ത് വിധി നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ സാവകാശം തേടണമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാടെടുത്തത്. സർക്കാരിന്റെ സമീപനം ശരിയല്ലെന്നും ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പിടിവാശി ഉപേക്ഷിക്കണമെന്നുമാണ് ബി.ജെ.പി പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത്.
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ മറുപടിപ്രസംഗത്തിന് ശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘവും ബി.ജെ.പിയും ബഹിഷ്കരണം പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. രണ്ടേ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ, വിധി നടപ്പാക്കാൻ ജനുവരി 22 വരെ സാവകാശം സർക്കാരോ ദേവസ്വംബോർഡോ തേടണമെന്നാണ് പൊതുവേ യു.ഡി.എഫ്, ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ, 22ന് ഹർജികൾ കേൾക്കുന്നുണ്ടെന്ന് പറഞ്ഞതിനൊപ്പം സെപ്തബർ 28ന്റെ വിധി അതുപോലെ നിലനിൽക്കുന്നുവെന്ന് കൂടി സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് പോംവഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലെങ്കിൽ കോടതിയലക്ഷ്യനടപടി നേരിടേണ്ടി വരും. യു.ഡി.എഫ്, ബി.ജെ.പി കക്ഷിനേതാക്കളും സ്വതന്ത്ര എം.എൽ.എ പി.സി. ജോർജുമെല്ലാം യുവതീപ്രവേശനത്തിനെതിരെ നിലകൊണ്ടപ്പോൾ സി.പി.എം, സി.പി.ഐ നേതാക്കൾ സർക്കാർ നിലപാടിനെ പിന്തുണച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ, പി.സി. ജോർജ്, മറ്റ് വിവിധ ഭരണ, പ്രതിപക്ഷ കക്ഷിപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
യുവതികൾക്ക് പ്രത്യേക ദിവസങ്ങൾ പരിഗണിക്കും
തിരുവനന്തപുരം:ശബരിമലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുവതികൾക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ദിവസങ്ങൾ നിശ്ചയിക്കാനാവുമോയെന്ന് ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.യോഗത്തിൽ എല്ലാ കക്ഷികളും സംസാരിച്ച ശേഷം തന്റെ മറുപടിപ്രസംഗം തീർന്നപ്പോൾ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതിപക്ഷനേതാവ് ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗം തീർന്നിട്ടെന്ത് ബഹിഷ്കരണമെന്ന് ചോദിച്ചതിന് മറുപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരം പ്രതിനിധികൾ, തന്ത്രികുടുംബം,ശബരിമലയുമായി ബന്ധപ്പെട്ട മറ്ര് സംഘടനകൾ,ദേവസ്വം ബോർഡ് എന്നിവരുമായി ചർച്ചനടത്തി അഭിപ്രായ സമന്വയത്തിൽ എത്തി യുവതികൾക്ക് പ്രത്യേക ദിവസം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയുന്നു.എന്നാൽ കൊട്ടാരവും തന്ത്രികുടുംബവും ഇതിനോട് യോജിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്നാണ് അവർ പറഞ്ഞത്.