ktda

കാട്ടാക്കട: കാട്ടാക്കട ജംഗ്ഷനിലും കെ.എസ്.ആർ.ടി.സി ഡിപ്പോയ്‌ക്കും സമീപം റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ യാത്രക്കാ‌ർക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. ചെറിയ വാഹനങ്ങൾ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണത്തിനും കുഴികൾ തടസമായിരിക്കുകയാണ്. റോഡിന്റെ പരിപാലന ചുമതലയുള്ള പി.ഡബ്ലിയു.ഡി. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് കാരണമെന്നും ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണി നടത്താൻ തയ്യാറാകുന്നില്ലെന്നുമാണ് ജനങ്ങളുടെ പരാതി. ജപ്പാൻ കുടിവെള്ള പദ്ധതി ഉൾപ്പടെയുള്ള പൈപ്പ്ലൈൻ പണികൾക്ക് കുഴിയടയ്‌ക്കാൻ ആദ്യമേ പണം പി.ഡബ്ലിയു.ഡി ഈടാക്കുന്നുണ്ട്. എന്നാൽ പണി കഴിഞ്ഞാൽ ഈ തുക കാര്യക്ഷമമായി വിനിയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ജനപ്രതിനിധികൾ ഇടപെടുമ്പോൾ മാത്രമാണ് കുഴിയടയ്‌ക്കൽ നടത്തുന്നത്.