തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് മുൻവിധിയോ ദുർവാശിയോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെപ്തംബർ 28ലെ വിധി അതേപടി നിലനിൽക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അതിനാൽത്തന്നെ 10 നും 50 നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് അവിടെ വരാൻ അവകാശമുണ്ടെന്ന് ഇന്നലെ സർവ്വകക്ഷിയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
യോഗത്തിൽ പ്രതിപക്ഷത്തിനും ബി.ജെ.പിക്കും സമാനനിലപാടാണുണ്ടായത്. സർക്കാർ മുൻവിധിയോടെ സമീപിച്ചുവെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയും പറഞ്ഞത്. എന്നാൽ, കോടതി പറഞ്ഞത് നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. 1991ലെ സ്ത്രീപ്രവേശന നിരോധനവിധിയുണ്ടായപ്പോൾ 1996ലും 2006ലും ഇപ്പോഴത്തെ വിധിയുണ്ടാവുന്നത് വരെയും അതിനനുസരിച്ചാണ് ഇടതുസർക്കാരുകൾ പ്രവർത്തിച്ചത്. ആ വിധിക്കെതിരെ എന്തെങ്കിലും വ്യതിയാനം വരുത്തിക്കാൻ അപ്പീൽ പോയിട്ടില്ല. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാൽ അതാകും നടപ്പാക്കുക. ഞങ്ങൾക്ക് വ്യത്യസ്ത നിലപാടുണ്ടാകും. പക്ഷേ സർക്കാർ അങ്ങനെയല്ല.
ജനാധിപത്യവും നിയമവാഴ്ചയും നിലനിൽക്കുന്ന രാജ്യമാണിത്. അവിടെ അതനുസരിച്ച് നീങ്ങുമ്പോൾ ദുർവാശിയായി കാണേണ്ടതില്ല. വിശ്വാസികൾക്കും വിശ്വാസസംരക്ഷണത്തിനും മുൻതൂക്കം കൊടുക്കുമ്പോൾ തന്നെ സർക്കാരിന് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കാനാകില്ല. മൗലികാവകാശങ്ങൾ സർക്കാരിനെ സംബന്ധിച്ച് വിശ്വാസത്തിനും മേലെയാണ്. വിശ്വാസികളും മതനിരപേക്ഷസമൂഹവും ഇത് മനസിലാക്കും. നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവിനും ബി.ജെ.പിക്കും അത് ഉൾക്കൊള്ളാനായിട്ടില്ല. അവർക്ക് നല്ല ബുദ്ധിയുണ്ടാവട്ടെ എന്നാശിക്കുന്നു. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. അവർക്ക് എല്ലാ സംരക്ഷണവും നൽകും. ഒരാശങ്കയും ഇക്കാര്യത്തിൽ വേണ്ട. ശബരിമലയെ കൂടുതൽ യശസോടെ ഉയർത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൃപ്‌തി ദേശായി മത്സരിച്ചിട്ടുണ്ടോ?
തൃപ്തി ദേശായിയെ പോലെയുള്ളവർ ദർശനത്തിന് സൗകര്യം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അവർ ആരാണെന്ന് നിങ്ങൾക്കറിയാമല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് അറിയുമോയെന്നും ചോദിച്ചു. കാവിക്കൊടി പിടിച്ച് നടന്നവരാണ് അവരെന്ന് ഒപ്പമുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.