പാങ്ങോട്: ഭരതന്നൂർ പ്രൈമറി ഹെൽത്ത് സെന്ററിൽ സ്ഥിരമായി ഡോക്ടറുടെ സേവനം ലഭ്യമാകാത്തത് രോഗികളെ വലയ്ക്കുന്നു. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ഇവിടെ ഡോക്ടർ ഉണ്ടാവുക. ദിവസേന സാധാരണക്കാരായ നൂറിലധികം രോഗികളാണ് മേഖലയിലെ ഏക ഗവൺമെന്റ് അലോപ്പതിക് ആശുപത്രിയായ ഇവിടെ ചികിത്സ തേടി എത്താറുള്ളത്. ഡോക്ടർ ഇല്ലാത്ത ദിവസം രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുകയാണ് പതിവ്. പകർച്ച വ്യാധികൾ വ്യാപകമായ ഈ സന്ദർഭത്തിൽ പോലും ഡോക്ടർമാർ ഇല്ലാത്തതിനാൽ സാധാരണക്കാരായ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. ആശുപത്രിയിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്ന് ഗ്രാമസഭയിലും നാട്ടുകാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനായി അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.