ആര്യനാട്: ഡീസൽ പമ്പിന്റെ അഭാവം ആര്യനാട് ഡിപ്പോയിൽ ജീവനക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നു. പലപ്പോഴും കാട്ടാക്കട ,നെടുമങ്ങാട്, പേരൂർക്കട തുടങ്ങിയ ഡിപ്പോകളിൽ നിന്നാണ് ആര്യനാട്ടെ ബസുകൾക്ക് ഡീസൽ അടിക്കുന്നത്. എന്നാൽ മറ്റു ഡിപ്പോകളിൽ നിന്ന് കുറച്ച് ഇന്ധനം മാത്രമാണ് പലപ്പോഴും ലഭിക്കാറുള്ളത്ഡീസൽ പ്രതിസന്ധി മൂലം ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതിയാണ്. സർവീസുകൾ റദ്ദാക്കുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു.
ആര്യനാട് ഡിപ്പോയിൽ ഡീസൽ ഇല്ലാത്തത് മികച്ച കളക്ഷനുള്ള ബസ് സർവീസുകളെ സാരമായി ബാധിക്കുന്നു. മദർ ഡിപ്പോയായ വെള്ളനാട് ഡീസൽ പമ്പ് ഉണ്ടങ്കിലും ആര്യനാടിന് ഇന്ധനം നൽകാൻ അവരും തയ്യാറാകുന്നില്ല. പലയിടങ്ങളിലും ആളുകളേയും കയറ്റി ഡീസൽ അടിക്കാൻ ചുറ്റുന്നതിനാൽ യാത്രക്കാരുടെ തെറി വിളിയും ജീവനക്കാർ കേൾക്കേണ്ടി വരുന്നു.
ഡിപ്പോയിൽ ടയർ ക്ഷാമവും അതിരൂക്ഷമാണ്. പഞ്ചറാകുന്ന ബസുകൾ തിരിച്ചെത്തിക്കണമെങ്കിൽ ഓടിക്കൊണ്ടിരിക്കുന്ന ബസുകളുടെ ടയർ ഊരിമാറ്റി ഉപയോഗിക്കേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.ഇതുകാരണം ഡ്യൂട്ടികൾ പലതും താമസിച്ച് തുടങ്ങുന്നത് ഡിപ്പോയിലെ വരുമാനത്തേയും ബാധിക്കുന്നു.
പ്രതിസന്ധിയിൽ ജീവനക്കാരും
ആര്യനാട്ട് വേണ്ടത്ര ഡ്രൈവർമാർ ഉണ്ടായിരുന്നിട്ടും 35 ഡ്രൈവർമാരെ തൊടുപുഴയിൽ നിന്നും ആര്യനാട്ടേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. 20 ഡ്രൈവർമാർ ആര്യനാട്ട് കൂടുതലാണെന്ന വിവരം ചീഫ് ഓഫീസിൽ അറിയിച്ചപ്പോൾ സീനിയറായ 10 ഡ്രൈവർമാരെ പാലോട്ടേക്ക് മാറ്റി. ഷെഡ്യൂകളുടെ ഓപ്ഷൻ കഴിഞ്ഞതോടെ പാലോടെത്തിയ ഡ്രൈവർമാർക്ക് ജോലി ഇല്ലെന്നും പറയുന്നു. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ.
22 താത്കാലിക കണ്ടക്ടർമാർ ആര്യനാട് ജോലിയില്ലാതെ കാത്തിരിക്കുമ്പോൾ നെയ്യാറ്റിൻകരയിൽ നിന്നും 10 സ്ഥിരം കണ്ടക്ടർമാരെയും 10 താത്കാലിക കണ്ടക്ടർമാരെയും ആര്യനാട്ടേക്ക് സ്ഥലം മാറ്റി. രണ്ട് സ്റ്റേഷൻ മാസ്റ്റർ വേണ്ട ആര്യനാട് ഒരാൾ മാത്രമാണ് ഉള്ളത്. ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് 24 മണിക്കൂർ ജോലി ചെയ്താലും വീട്ടിൽ പോകാൻ കഴിയുന്നില്ല. ശബരിമല സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പ്രതിസന്ധി വീണ്ടും രൂക്ഷമാകും. 2000ൽ പ്രവർത്തനം തുടങ്ങിയ ആര്യനാട് ഡിപ്പോയെ തരംതാഴ്ത്താനുള്ള നീക്കം ഉപേക്ഷിയ്ക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.