theresa-may

നോ ബ്രെക്സിറ്റ് സൂചന നൽകി തെരേസ മേയ്

ലണ്ടൻ:ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം പ്രധാന മന്ത്രി തെരേസ മേയ് രൂപം കൊടുത്ത ബ്രെക്‌സിറ്റ് കരാർ ഭരണപക്ഷത്ത് മാത്രമല്ല രാജ്യത്താകെ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു.കരാറിന് മന്ത്രിസഭയുടെ പിന്തുണ ലഭിച്ചെങ്കിലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നാലു മന്ത്രിമാർ ഉൾപ്പെടെ രാജിവച്ചത് സർക്കാരിനു തിരിച്ചടിയായി.

ബ്രെക്‌സിറ്റ് ചുമതലയുള്ള മന്ത്രി ഡോമിനിക് റാബ്, ജൂനിയർ നോർത്തേൺ അയർലാൻഡ് മന്ത്രി ഷായ്ലേഷ് വാറ, ജൂനിയർ ബ്രെക്‌സിറ്റ് മന്ത്രി

സുവെല്ല ബ്രാവെർമാൻ, വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി എസ്‌തർ മക്‌ വേ രണ്ട് പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാർ തുടങ്ങിയവർ രാജി വച്ചത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. മന്ത്രിസഭായോഗത്തിൽ പതിനൊന്ന് മന്ത്രിമാർ വിമത അഭിപ്രായം രേഖപ്പെടുത്തി.ഇതേ തുടർന്ന് ബ്രെക്‌സിറ്റ് തന്നെ ഉപേക്ഷിക്കാനുള്ള സാദ്ധ്യതയെ പറ്റി പ്രധാനമന്ത്രി തേരേസ മേ സൂചിപ്പിച്ചു.

രാജ്യതാൽപര്യങ്ങൾക്കു തീർത്തും എതിരായുള്ള വ്യവസ്ഥകളാണ് കരട് ഉടമ്പടിയിലുള്ളതെന്ന് പ്രതിപക്ഷവും ആരോപിച്ചു.

അടുത്ത മാർച്ച് 29നാണ് ബ്രിട്ടൻ ഔപചാരികമായി യൂറോപ്യൻ യൂണിയൻ വിടാൻ നിശ്ചയിച്ചിരിക്കുന്നത്.

കുപ്രസിദ്ധമായ 'കേംബ്രിഡ്ജ് അനലിറ്റിക്ക' കമ്പനി വസ്തുതകൾക്ക് നിരക്കാത്ത കണക്കുകൾ ജനങ്ങളുടെ കമ്പ്യൂട്ടറിലും, മൊബൈൽ ഫോണിലും പ്രചരിപ്പിച്ച് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനെക്കുറിച്ചുള്ള ഹിത പരിശോധനാ ചർച്ചയെ ഹൈജാക്ക് ചെയ്തെന്ന് പരാതി ഉയർന്നിരുന്നു. പക്ഷേ ഇപ്പോൾ ബ്രിട്ടനിലെ തൊഴിൽ , സാമ്പത്തികം തുടങ്ങിയ മേഖലകളിൽ ബ്രെക്സിറ്റ് സ‌ഷ്‌ടിക്കാനിടയുള്ള പ്രശ്നങ്ങൾ ഒരു പേടിപ്പെടുത്തുന്ന സമസ്യയായി തുടരുന്നു. അന്ന് ബ്രെക്സിറ്റിനു വേണ്ടി വാദിച്ചവർ പറഞ്ഞത് പലതും അസത്യമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷമായ തെരേസാ ഗവൺമെന്റിനെ താങ്ങി നിർത്തിയിരിക്കുന്നത് അയർലൻഡിലെ ഡി. പി. യു എന്ന പാർട്ടിയാണ്. അവർ ബ്രെക്സിറ്റ് കരാറിനെ പിന്താങ്ങില്ലെന്ന് പറഞ്ഞിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയും രാജ്യത്തിനെതിരായ ഒരു കരാറിന്റെയും ഭാഗമാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ നിലയിൽ ഒരു ന്യൂനപക്ഷം മാത്രമേ ബ്രെക്സിറ്റ് കരാറിനെ പിന്തുണയ്‌ക്കുന്നുള്ളൂ. കാബിനറ്റിൽ തന്നെ ഭിന്നത ഉള്ളപ്പോൾ ബ്രെക്സിറ്റ് കരാർ തെരേസ മേയ് ഗവൺമെന്റിനെ എവിടെ എത്തിക്കുമെന്ന് വരും ദിവസങ്ങളിലേ അറിയാനാവൂ.