തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിൽ പദ്ധതിയായ സമ്പൂർണ ഗ്രാമീണ റോസ്ഗാർ യോജനയിലൂടെ ലഭിച്ച അരി മറിച്ച് വിറ്റ കേസിൽ വെങ്ങാനൂർ പഞ്ചായത്ത് മുൻ വെെസ് പ്രസിഡന്റ് അടക്കം നാലു പ്രതികൾക്ക് പ്രത്യേക സി.ബി.എെ കോടതി മൂന്ന് വർഷം കഠിനതടവും അഞ്ചരലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു. പഞ്ചായത്ത് മുൻ വെെസ് പ്രസിഡന്റ് എസ്.ജയചന്ദ്രൻ, മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്. ഭുവനചന്ദ്രൻ, പഞ്ചായത്തിലെ മരാമത്ത് പണികളുടെ കോൺട്രാക്ടർ വി.മോഹനൻ, അരിവ്യാപാരി ജി.പത്മകുമാർ എന്നിവരാണ് പ്രതികൾ.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുളള കേന്ദ്ര പദ്ധതിയിൽ തൊഴിൽ എടുക്കുന്നവർക്ക് അറുപത് ശതമാനം വേതനവും നാല്പത് ശതമാനം ഭക്ഷണവും എന്നതാണ് പദ്ധതി. ഇതിൽ വേതനം പഞ്ചായത്തും ഭക്ഷണത്തിനുളള അരി കേന്ദ്രസർക്കാരുമാണ് നൽകി വന്നിരുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ എഫ്.സി.എെ വഴിയാണ് അരി നൽകിയിരുന്നത്. 2007 മേയ് -ജൂൺ കാലയളവിൽ പദ്ധതി പ്രകാരമുള്ള ജോലികൾ ചെയ്യാതെ അരി എഫ്.സി.എെ ഗോഡൗണിൽ നിന്ന് വാങ്ങി പൊതുവിപണിയിൽ പ്രതികൾ മറിച്ച് വിറ്റാണ് സർക്കാരിനെ കബളിപ്പിച്ചത്. 368 മെട്രിക് ടൺ അരി മറിച്ച് വിറ്റതിലൂടെ സർക്കാരിന് 50 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് സി.ബി.എെയുടെ കേസ്. പട്ടികജാതി സംവരണ മണ്ഡലമായിരുന്ന വെങ്ങാനൂർ പഞ്ചായത്തിലെ മുൻ പരിചയം ഇല്ലാതിരുന്ന പ്രസിഡന്റിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു പ്രതികളുടെ അഴിമതി. ആദ്യം കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ഭദ്രനെ പിന്നീട് സി.ബി.എെ മാപ്പ് സാക്ഷിയാക്കിയാണ് വിചാരണ നടത്തിയത്.