ebus

തിരുവനന്തപുരം: കറുത്ത പുക പടർത്തി പായുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്നുള്ള മോചനത്തിന്റെ ആദ്യപടിയായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് ( ഇ ബസ്)​ സർവീസിന് സംസ്ഥാനത്ത് തുടക്കം കുറിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു. പിന്നാലെ ഇ ബസിൽ സഞ്ചരിച്ച് മന്ത്രി സെക്രട്ടേറിയറ്റിൽ എത്തി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ,​ കെ.എസ്.ആർ.ടി.സി സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി തുടങ്ങിയവരും മന്ത്രിയുടെ സഹയാത്രികരായി.


ജഗതി ബധിര വിദ്യാലയത്തിലെ കുട്ടികൾക്കും പാളയം എൽ.എം.എസ് സി.ആർ.ഡി സ്‌പെഷ്യൽ സ്കൂളിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും​ പൂജപ്പുര സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിലുള്ള വൃദ്ധസദനത്തിലെ അന്തേവാസികൾക്കുമായി കോവളം,ശംഖുംമുഖം,നെയ്യാർ ഡാം എന്നിവിടങ്ങളിലേക്ക് ഇ ബസിൽ സൗജന്യ ഉല്ലാസയാത്രയും നടന്നു. ഇ ബസ് സർവീസ് തുടങ്ങുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കേരളം.


സി.എൻ.ജി, എൽ.എൻ.ജി വാതകങ്ങളും ഊർജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളിൽ വരേണ്ടതെന്നും അതിനാണ് ഇ വെഹിക്കിൾ നയം സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇ ആട്ടോറിക്ഷകൾക്ക് ഉടൻ അനുമതി നൽകും. ഇ ആട്ടോകൾ ഓടിക്കാൻ തയ്യാറാകുന്നവർക്ക് 30,000 രൂപ സബ്‌സിഡി നൽകുമെന്നും മന്ത്രി അറിയിച്ചു.


വാർഡ് കൗൺസിലർ എം.വി. ജയലക്ഷ്‌മി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി.എം.ഡി. ടോമിൻ തച്ചങ്കരി സ്വാഗതം പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.കെ. രാജൻ, സി.വി.വർഗീസ്, കെ.ജി. പങ്കജാക്ഷൻ, സലിം പി. മാത്യു, ആലീസ് മാത്യൂ, സി.എം. ശിവരാമൻ, മാത്യൂസ് കോലഞ്ചേരി, സയ്യിദ് ഹൈസൽ അലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ (സൗത്ത് സോൺ) ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.