sreedharan-pillai

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച പുനഃപരിശോധനാഹർജി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചതോടെ സെപ്തംബർ 28ലെ വിധി അന്തിമമല്ലാതായെന്നും, ഇതംഗീകരിക്കാതെ യുവതികളെ പ്രവേശിപ്പിക്കാൻ പിടിവാശി കാണിക്കുന്ന സംസ്ഥാന സർക്കാർ സംഘർഷം ഇരന്നുവാങ്ങുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പുതിയ സാഹചര്യത്തിലും പഴയ നിലപാടിൽ മാറ്റം വരുത്താൻ താത്പര്യമില്ലെങ്കിൽ സർവ്വകക്ഷിയോഗം വിളിക്കേണ്ടിയിരുന്നില്ല. അത് സമയം പാഴാക്കുന്ന പ്രഹസന നാടകമായി. പാർട്ടിയുടെ നിരീശ്വരവാദം ഭക്തരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ഗൂഢനീക്കമാണിത്. സർവ്വകക്ഷിയോഗം പരാജയപ്പെട്ട സാഹചര്യത്തിൽ എൻ.ഡി.എയുടെ ഭാവി സമരപരിപാടികൾ ഇന്ന് കൊച്ചിയിൽ ചേരുന്ന ബി.ജെ.പി-ബി.ഡി.ജെ.എസ് സംയുക്ത യോഗം തീരുമാനിക്കും.

സുപ്രീംകോടതിവിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പും കാപട്യവുമാണ്. പൊലീസിന്റെ നിയന്ത്രണം 2007ജനുവരി ഒന്നുമുതൽ ആഭ്യന്തരവകുപ്പിൽ നിന്ന് മാറ്റി സുരക്ഷാകമ്മിഷനെ ഏൽപ്പിക്കണമെന്ന് 2006 സെപ്തംബറിൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് നടപ്പാക്കാൻ താത്പര്യം കാണിക്കാത്ത സർക്കാരാണ് നിർദ്ദേശക സ്വഭാവത്തിലുള്ള വിധി ഭക്തരുടെ മേൽ അടിച്ചേൽപ്പിക്കാൻ വാശി പിടിക്കുന്നത്. സംഘർഷങ്ങളൊഴിവാക്കാനും ശബരിമല തീർത്ഥാടനം സമാധാനപരമായി നടത്താനും താത്പര്യമുണ്ടെങ്കിൽ ജനുവരി 22ന് പുനഃപരിശോധനാഹർജികളിലെ അന്തിമവിധി വരെ കാത്തിരിക്കാനുള്ള സൗമനസ്യം സർക്കാർ കാണിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.