തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 318 എയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം ആചരിച്ചു. പാറശ്ശാല മുതൽ ഹരിപ്പാട് വരെയുള്ള 126 ലയൺസ് ക്ലബുകളിലെ 400ഓളം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ഡിസ്ട്രിക്‌ട് ഗവ‌ർണർ ജോൺ ജി. കോട്ടറ അദ്ധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ ലയൺ കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രമേഹ രോഗ വിദഗ്‌ദ്ധൻ അജിത്കുമാർ 'കുടുംബവും പ്രമേഹവും' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ചടങ്ങിനോടനുബന്ധിച്ച് സൗജന്യ രോഗനിർണയ ക്യാമ്പും അവബോധന സെമിനാറും നടത്തി. ലയൺസ് ഡിസ്ട്രിക്‌ടിൽ പ്രമേഹ രോഗനിയന്ത്രണ സെമിനാറുകൾ നടത്തുന്ന ലയൺ പി. ശിവകുമാറിനെയും കേരള സുരക്ഷാമിഷൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മുത്തൂറ്റ് സ്നേഹാശ്രയ, ഡോ. മോഹൻസ് ഡയബറ്റിക് ക്ലീനിക്, ഡോ.റഷീദ്സ് ക്ലീനിക് എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. വൈസ് ഗവർണർ വി. പരമേശ്വരൻകുട്ടി, ക്യാബിനറ്റ് സെക്രട്ടറി ആർ. രാധാകൃഷ്‌ണൻ, ക്യാബിനറ്റ് ട്രഷറർ ജോർജ് വർഗീസ്, ഡിസ്ട്രിക്‌ട് ചെയർമാൻ പി. ശിവകുമാർ എന്നിവർ സംസാരിച്ചു.