prabha-varma

തിരുവനന്തപുരം: സ്ത്രീയുടെ ജ്വലിക്കുന്ന ജീവിതേതിഹാസത്തിന് സൗർവലൗകികവും കാലികപ്രസക്തിയുമുള്ള ഇതിഹാസമാനം നൽകി അവതരിപ്പിച്ച പ്രഭാവർമ്മയുടെ കാവ്യാഖ്യായിക 'കനൽച്ചിലമ്പ് ' അരങ്ങിലേക്ക്. ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ പ്രകാശനം ചെയ്യപ്പെട്ട പുസ്തകത്തിന് നാടകരൂപം നൽകുന്നത് തിരുവനന്തപുരം ആരാധന തിയേറ്റേഴ്സാണ്. ആദ്യ അവതരണം ഇന്ന് വൈകിട്ട് 6ന് തിരുവനന്തപുരം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കും. നടൻ മധു അവതരണോദ്ഘാടനം നിർവഹിക്കും.
'സ്ത്രീ പൂജിക്കപ്പെടുന്നിടത്ത് ദേവതകൾ കളിയാടും' എന്ന ചൊല്ലിനെ പുറംകാലുകൊണ്ട് തട്ടുന്ന സമൂഹത്തിനു നേർക്കുള്ള ചാട്ടുളിപ്രയോഗമാണ് നാടകത്തിന്റെ ഇതിവൃത്തം. തുറന്ന സ്ത്രീപക്ഷ നിലപാട് പ്രഖ്യാപിക്കുന്ന നാടകത്തിന് കേരളത്തിലെ പ്രമുഖ സ്ത്രീസാന്നിദ്ധ്യങ്ങളായ ഡോ.ബി. സന്ധ്യ, ഡോ. ദിവ്യ എസ്. അയ്യർ, ഡോ. രാജശ്രീ വാര്യർ, ഭാഗ്യലക്ഷ്മി, മേനക, സരസ്വതി നാഗരാജൻ, അപർണ രാജീവ് എന്നിവർ ചേർന്ന് രംഗദീപം തെളിക്കും.
മീനമ്പലം സന്തോഷ് സംവിധാനം നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ രചന മുഹാദ് വെമ്പായത്തിന്റേതാണ്. കവിതയുടെ സ്വതന്ത്ര്യാഖ്യാനമാണ് നാടകത്തിൽ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾക്കും കഥാ സന്ദർഭങ്ങൾക്കും നാടകത്തിന്റെ ആഖ്യാനത്തിന് ഉതകുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ പ്രഭാവർമ്മ അനുവാദം നൽകിയെന്നും ഇതു തന്നെയാണ് നാടകരചനയിൽ ഏറ്റവും വലിയ പ്രചോദനമായതെന്നും മീനമ്പലം സന്തോഷും മുഹാദ് വെമ്പായവും 'കേരളകൗമുദി'യോട് പറഞ്ഞു. മലയാളത്തിനും ഭാഷാപിതാവിനും ആദരമർപ്പിച്ച് തിരുവനന്തപുരം അക്ഷരകല ഒരുക്കിയ 'എഴുത്തച്ഛൻ' നാടകത്തിലാണ് സന്തോഷും മുഹാദും ഒടുവിൽ ഒന്നിച്ചത്.
ആർട്ടിസ്റ്റ് സുജാതൻ, ഉണ്ണി ദിവ്യ, അഞ്ചൽ ഉദയകുമാർ, ഷിബു എസ്.കൊട്ടാരം, അജിത് അപ്സര എന്നിവരാണ് അണിയറയിലെ പ്രധാനികൾ. അരുമാനൂർ ദിലീപ്, ഹരി തിട്ടമംഗലം, ബിന്ദു പള്ളിച്ചൽ, ലത കെ.പി.എ.സി, സജു മേനോൻ, ഷൈജു സായ്, മല്ലിക എന്നിവർക്കൊപ്പം അഞ്ചു വയസുകാരൻ മാസ്റ്റർ ദേവദത്തും അരങ്ങിലെത്തും.ആരാധനയുടെ 37-ാമത്തെ നാടകമാണിത്.