തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തിൽ സർവ്വകക്ഷി യോഗത്തിന് ശേഷം പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രികുടുംബവുമായും സർക്കാർ നടത്തിയ ചർച്ചയും ഇരുപക്ഷവും നിലപാടിൽ ഉറച്ചു നിന്നതോടെ തീരുമാനമാവാതെ പിരിഞ്ഞു. സുപ്രീംകോടതിവിധി നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന നിലപാട് മാറ്റാനാവില്ലെന്ന് കൊട്ടാരം - തന്ത്രി കുടുംബ പ്രതിനിധികളും അറിയിച്ചു.
ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കൊട്ടാരം പ്രതിനിധി ശശികുമാർവർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.സർക്കാർ ചില നിർദ്ദേശങ്ങൾ വച്ചിട്ടുണ്ട്. ഇതേക്കുറിച്ച് തന്ത്രിമാരുമായും ആചാര്യന്മാരുമായും കൊട്ടാരത്തിലെ മറ്രുള്ളവരുമായും ആലോചിച്ചേ തീരുമാനം എടുക്കാനാവൂ. കഴിയുന്നത്ര വേഗത്തിൽ തീരുമാനം പറയാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. യുവതീ പ്രവേശനത്തോട് യോജിക്കാനാവില്ല.ശബരിമലയിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ ഉൾപ്പെടെ അഞ്ച് നിർദ്ദേശങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രിക്ക് അദ്ദേഹം കൈമാറി.
സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിയുടെ സെപ്തംബർ 28 ലെ വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് ചൊവ്വാഴ്ചയിലെ വിധിയിൽ എഴുതിചേർത്തിട്ടുണ്ട്. അതിനാൽ സർക്കാരിന് വിധി നടപ്പാക്കാതിരിക്കാനാവില്ല. ഇത്തരത്തിലൊരു പരാമർശം സർക്കാരും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല മകരവിളക്ക് സുഗമമായി നടത്താൻ ഏവരുടെയും സഹകരണവും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടി സർക്കാർ കോടതിയെ സമീപിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചാൽ സർക്കാരിന് ശകാരം കേൾക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സാവകാശം തേടുന്ന കാര്യം ദേവസ്വംബോർഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം നിർദ്ദേശിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണർ എൻ.വാസു, പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാർ വർമ്മ, സെക്രട്ടറി നാരായണവർമ്മ,തന്ത്രി കുടുംബാംഗങ്ങളായ കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര്, മഹേഷ് മോഹനര് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.