തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഇന്നലെ പുറത്തിറക്കിയ പത്ത് ഇലക്ട്രിക് ബസുകൾ ആദ്യം സർവീസ് നടത്തുക ശബരിമലയിലെ നിലയ്ക്കൽ - പമ്പ റൂട്ടിൽ. അതിന് ശേഷം ദീർഘദൂര സർവീസുകൾക്കായി ബസുകൾ ഉപയോഗിക്കാനാണ് തീരുമാനം. നിലയ്ക്കലിൽ ബസ് ചാർജ് ചെയ്യുന്നതിന് ട്രാൻസ്‌ഫോർമറും ചാർജിംഗ് സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം അഞ്ച് ബസുകൾ ഇവിടെ റീചാർജ് ചെയ്യാൻ കഴിയും.
മലിനീകരണമില്ലാത്തതും ശബ്ദരഹിതവുമായ ഇ ബസുകൾ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ബിവൈഡി ആട്ടോ ഇൻഡസ്ട്രിയുമായി ചേർന്ന് ഒലെക്ട്ര ഗ്രീൻടെക്കാണ് ഇന്ത്യയിൽ നിർമ്മിച്ചത്. ഹിമാചൽപ്രദേശിലെ കുളുമണാലി - റോഹ്‌താംഗ് പാതയിൽ സർവീസ് നടത്തുന്ന ഇ ബസിന്റെ കെ 9 മോഡലാണിത്.
ഒമ്പത് മീറ്റർ നീളമുള്ള എ.സി ലോഫ്ളോർ ബസിൽ 32 പേർക്ക് യാത്ര ചെയ്യാം. ലിഥിയം ഇയോൺ ബാറ്ററിയാണ് ബസിലുള്ളത്. ഒറ്റതവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാം.ബാറ്ററി പൂർണമായും റീചാർജ് ചെയ്യാൻ 23 മണിക്കൂർ വേണം. ഒരു കിലോമീറ്റർ ഓടുന്നതിന് 0.8 യൂണിറ്റ് വൈദ്യുതിയാണ് ചെലവ്. ഡീസൽ എ.സി ബസുകൾക്ക് ഒരു കിലോമീറ്ററിന് 31 രൂപ ചെലവാകുന്നിടത്ത് ഇ ബസിന് നാല് രൂപ മാത്രമാണ് ചെലവ്.ഷോർട്ട് സർക്യൂട്ട്, ചൂട്, ഇടിമിന്നൽ തുടങ്ങിയവയിൽ നിന്നും യാത്രക്കാർക്ക് പൂർണ സംരക്ഷണവും ലഭിക്കും.