മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പേയാട് മിണ്ണംകോട് ഗിരീഷ് ഭവനിൽ ഗിരീഷ് കുമാർ ഇപ്പോൾ ഉപജീവനമാർഗമായി തിരഞ്ഞെടുത്തിരിക്കുന്നത് പഠിച്ച തൊഴിലായ ഇലക്ട്രിക്കൽ വർക്കാണ്. പഞ്ചായത്തിന്റെ തലപ്പത്തിരുന്നിട്ടും വഴിവിളക്കുകൾ കത്തിക്കാൻ ഇലക്ട്രിക് പോസ്റ്റുകളിൽ കയറി പണിയെടുക്കാൻ ഗിരീഷിന് യാതൊരു മടിയുമില്ല. പഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി കഴിഞ്ഞ അഞ്ചു വർഷമായി കരാറെടുത്തിരിക്കുന്നത് ഗിരീഷ് കുമാറാണ്. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ മിണ്ണംകോട് വാർഡിൽ 2000 മുതൽ 2010 വരെ വാർഡംഗമായിരുന്നു. 2005 ൽ ഗിരീഷ് തിരഞ്ഞെടുക്കപ്പെടുമ്പോൾ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കോൺഗ്രസിനായിരുന്നു ഭരണം. 2009 ൽ കോൺഗ്രസിനെതിരെ അവിശ്വാസം കൊണ്ടുവന്ന് പ്രതിപക്ഷം ഗിരീഷിനെ പ്രസിഡന്റാക്കി. കാലാവധി കഴിഞ്ഞിറങ്ങിയതിനു ശേഷം പലരും നിർബന്ധിച്ചെങ്കിലും പിന്നിട് മത്സരിക്കാൻ ഗിരീഷ് കൂട്ടാക്കിയില്ല. പ്രസിഡന്റ് കുപ്പായം അണിയും മുൻപും ഗിരീഷിന് ഇലക്ട്രിഷ്യൻ ജോലിയായിരുന്നു. പേയാട് 33 കെ.വി സബ്സ്റ്റേഷൻ, ശാസ്താംപാറ ടൂറിസം പദ്ധതി, വിളപ്പിൽശാലയിൽ മാവേലി സ്റ്റോറിന് ഭരണാനുമതി, ഒരു കോടി രൂപയുടെ കുടിവെള്ള പദ്ധതി എന്നിവയൊക്കെ യാഥാർത്ഥ്യമായത് ഗിരീഷിന്റെ ഭരണ കാലത്താണ്. ഗിരീഷിന്റെ ഈ തീരുമാനത്തിന് ഊർജമായി ഭാര്യ മഞ്ജുവും മക്കളായ ഗ്രീഷ്മ, ഗൗതം എന്നിവരും ഒപ്പമുണ്ട്.