തിരുവനന്തപുരം: ശബരിമല പ്രശ്നം പരിഹരിക്കാനും അവിടെ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാനും ലഭിച്ച നല്ല അവസരം മുഖ്യമന്ത്രി പിടിവാശി കൊണ്ട് നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയെന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാരും മുഖ്യമന്ത്രിയുമായിരിക്കും.
സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചത് പ്രഹസനമായി. ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറായില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്ന പഴയ നിലപാടിൽ തന്നെ ഉറച്ചുനിന്നു. ഞങ്ങളുടെ അഭിപ്രായം കേട്ടിട്ടെങ്കിലും നിലപാട് മാറ്റുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. മുഖ്യമന്ത്രി ആമുഖ പ്രസംഗത്തിൽ തന്നെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. അതിനാൽ വാക്കൗട്ടല്ലാതെ മറ്റ് മാർഗം പ്രതിപക്ഷത്തിന് ഇല്ലായിരുന്നു.
റിവ്യൂ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായ സാഹചര്യത്തിൽ കോടതി വിധി നടപ്പാക്കുന്നതിന് സർക്കാർ സാവകാശം തേടുക, റിവ്യൂഹർജി കേൾക്കുന്നതിന് ജനുവരി 22വരെ സമയമുള്ളതിനാൽ അതുവരെ വിധി നടപ്പാക്കാതിരിക്കുക എന്നീ നിർദ്ദേശങ്ങൾ പ്രതിപക്ഷം വച്ചെങ്കിലും രണ്ടും കേട്ടില്ല.
ഭക്തജനങ്ങളുടെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ആവശ്യവും അംഗീകരിച്ചില്ല. ഒരു ദിവസം ഒരു ലക്ഷം പേരെ മാത്രം കയറ്റിവിട്ടാൽ എഴുപത് ലക്ഷം ഭക്തർക്കേ ശബരിമല ദർശനം സാദ്ധ്യമാകൂ. അഞ്ചേകാൽ കോടി ഭക്തജനങ്ങളിൽ ബാക്കി വരുന്നവർ എന്തു ചെയ്യണമെന്ന് ചോദിച്ചിട്ടും അതിനും മറുപടി ഉണ്ടായില്ല. ശബരിമല തീർത്ഥാടനത്തെ ദുർബലപ്പെടുത്താനാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിക്കുന്നത്. രണ്ട് തവണ ശബരിമല നട തുറന്നപ്പോൾ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും കൈയാങ്കളിക്ക് സർക്കാർ കൂട്ടുനിന്നു. ആർ.എസ്.എസ്, ബി.ജെ.പി, സി.പി.എം ഒത്തുകളിയാണ് അവിടെ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.