മുടപുരം: നടു റോഡിൽ അപകടക്കുഴിയൊരുക്കിയ വാട്ടർ അതോറിട്ടിക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം, എം.എഫ്.എ.സി പൊയ്കയിൽ പണ്ടാരവിള റോഡിലാണ് കേരള വാട്ടർ അതോറിട്ടി വലിയ കുഴി ഉണ്ടാക്കിയിരിക്കുന്നത്. പൊട്ടിയ പൈപ്പ് നന്നാക്കാനായി കോൺക്രീറ്റ് ചെയ്‌ത റോഡിൽ വലിയ കുഴി എടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നികത്തിയില്ല. ഇതോടെ ഇതു വഴിയുള്ള യാത്ര ദുസഹമായിരിക്കുകയാണ്.
ഒരുമാസം മുൻപാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടിയത്. തുടർന്ന് ജീവനക്കാരെത്തി കോൺക്രീറ്റ് റോഡ് പൊളിച്ചു പൈപ്പ് നന്നാക്കി. പൈപ്പ് വീണ്ടും പൊട്ടിയപ്പോൾ വീണ്ടും നന്നാക്കി. എന്നാൽ റോഡിൽ ഉണ്ടാക്കിയ കുഴി നികത്തി കോൺക്രിറ്റ് ചെയ്തില്ല. ദിവസങ്ങൾ കഴിഞ്ഞതോടെ ഒരാൾ താഴ്ചയിലുള്ള കുഴിയായി അത് മാറി. കുഴിയിലെ മണ്ണ് ഇടിഞ്ഞ് താഴ്ന്നതിനാൽ തൊട്ടടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റ് ഒന്നരയടി താഴ്ന്നു. നാട്ടുകാർ ഇലക്ട്രിക്ക് പോസ്റ്റിനെ കയർ ഉപയോഗിച്ച് മറ്റൊരു മരവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ റോഡിലെ കുഴി 10ലധികം വീട്ടുകാർക്ക് അപകടക്കെണിയാകുകയാണ്. കണ്ണ് തെറ്റിയാൽ കുഴിയിൽ വീഴുമെന്ന മട്ടിലാണ് കാര്യങ്ങൾ. അതുകൊണ്ട് അപകടം ഉണ്ടാകാതിരിക്കാൻ കുഴിയിൽ ഓലയും മടലും നാട്ടിയിരിക്കുകയാണ് നാട്ടുകാർ. കാൽനട യാത്രക്കാർക്ക് പുറമെ ഇരുചക്ര വാഹനങ്ങൾക്കും കുഴി അപകടമുണ്ടാക്കുന്നുണ്ട്. റോഡിലെ വളവിലാണ് കുഴി സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാറോ വലിയ വാഹനങ്ങളോ ഇത് വഴി വരുമ്പോൾ അവ കുഴിയിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്. കുഴി നികത്തി കോൺക്രീറ്റ് ചെയ്യുവാൻ ഗ്രാമ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.