vld-4-

വെള്ളറട: കുന്നത്തുകാൽ പഞ്ചായത്തിലെ കാരക്കോണത്ത് രണ്ടര ഏക്കറിലേറെ വിസ്തീർണ മുണ്ടായിരുന്ന ഇരട്ടക്കുളത്തിലെ കയ്യേറ്റം പിടികൂടാൻ സർവേ തുടങ്ങി. കയ്യേറ്റത്താൽ കുളത്തിന്റെ വിസ്തീർണം കുറഞ്ഞതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും പൊതുജനങ്ങളും കുളം അളന്ന് കയ്യേറ്റം കണ്ടുപിടിച്ച് വസ്തുതിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നെയ്യാറ്റിൻകര റീസർവേ ഓഫീസിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ റീസർവേ പ്ളാനുമായി എത്തി അളവ് തുടങ്ങി. അളന്ന ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ കുളത്തിന്റെ വസ്തു കയ്യേറിയതായി കണ്ടെത്തി. ഇതിനെ തുടർന്ന് റീസർവേ പ്ളാൻ പ്രകാരം ഈ വസ്തുക്കളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ പുതിയ അതിരു കല്ലുകൾ സ്ഥാപിച്ചു. പൂർണ്ണമായും അളന്നു തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ശേഷിക്കുന്നവ 22, 23, 24 തീയതികളിൽ അളക്കുമെന്ന് റീസർവേ അധികൃതർ പറഞ്ഞു. റീസർവേ അധികൃതർ കണ്ടെത്തി നൽകുന്ന ഭൂമി ഗ്രാമപഞ്ചായത്ത് വേലി കെട്ടി സംരക്ഷിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എച്ച്. എസ് അരുൺ പറഞ്ഞു.കേരള കൗമുദി നേരത്തേ ഇരട്ടകുളത്ത് വ്യാപകമായ കയ്യേറ്റം നടക്കുന്നുവെന്നും ഇരട്ടകുളം ഒറ്റകുളമായി മാറിയെന്നും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.