മലയിൻകീഴ് : മകനെ സ്‌കൂളിൽ നിന്ന് വിളിക്കാൻ പോയ യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പിടിച്ചുപറിച്ചു. ശാന്തുംമൂല മഹാദേവ ബിൽഡിംഗിൽ വാടകയ്‌ക്കു താമസിക്കുന്ന ആര്യനാട് മീനാങ്കൽ സ്വദേശി വിജയകുമാരിയുടെ (37) നാലര പവനാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനായിരുന്നു സംഭവം.
ശാന്തുംമൂല ജംഗ്ഷന് സമീപത്ത് നിന്ന് കോട്ടമ്പൂരിലേക്കു തിരിയുന്ന ഇടവഴിയിലൂടെ നടക്കുമ്പോഴാണ് വിജയകുമാരിയുടെ നെഞ്ചിൽ അടിച്ചശേഷം ബൈക്കിന് പുന്നിലിരുന്നയാൾ മാല പൊട്ടിച്ചത്. നിലവിളികേട്ട് പ്രദേശവാസികളെത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.