പാറശാല : നിയന്ത്രണം വിട്ട സ്‌കൂൾവാൻ മരത്തിലിടിച്ച് ഏഴ് വിദ്യാർത്ഥികളുൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. മണിവിള ശിവജി കോളേജിന് സമീപം ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥികളായ ജിൻസി (15), കെവിൻ (9), അനുഗ്രഹ (7), നിതിൻ ബോസ് (12), വൈഷ്ണവി (9), വൈശാലി (6), പ്രാർത്ഥന (7), ഡ്രൈവർ അജി (39), ആയ ലാലി (38) എന്നിവരെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്ക് പരിക്കേറ്റ വൈശാലി എന്ന വിദ്യാർത്ഥി ഇപ്പോഴും ചികിത്സയിലാണ്.
സ്‌കൂളിലേക്ക് പോകുന്നതിനിടെ വാനിന്റെ നിയന്ത്രണം നഷ്ടമായത്. തുടർന്ന് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ തട്ടിയ ശേഷം സമീപത്തെ റബർ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാനിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
സി.എസ്.ഐയുടെ നിയന്ത്രത്തിൽ കാരക്കോണത്തുള്ള സെൻട്രൽ സ്‌കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. വാൻ യഥാസമയം അറ്റകുപ്പണി നടത്താത്തത് അപകട കാരണമെന്നാണ് രക്ഷാകർത്താക്കളുടെ ആരോപണം.