കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ നൈനാംകൊണം - മുക്കുകട റോഡ് തകർന്ന് കാലമേറെ ആയിട്ടും പുനരുദ്ധാരണം എങ്ങുമെത്താതെ നീളുന്നു. പാതയുടെ അറ്റകുറ്റപ്പണി ഏതാണ്ട് നിലച്ച മട്ടാണ്. നൈനാംകോണം കോളനിയിലെ മുന്നൂറോളം കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഇത് നാവായിക്കുളം - പളളിക്കൽ റോഡിൽ വന്നു ചേരുന്നു. അഞ്ച് വർഷമായി ഈ റോഡിലൂടെ ഓട്ടോറിക്ഷയ്‌ക്ക് പോലും നല്ല രീതിയിൽ പോകാൻ കഴിയുന്നില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനും, വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബസിൽ പോകാനും കഴിയാത്ത അവസ്ഥയാണ്. പരാതികളും നിവേദനങ്ങളും കൊടുത്ത് മടുത്ത പ്രദേശവാസികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. അതിനായി ആക്ഷൻ കമ്മിറ്റി രൂപികരിച്ച് പ്രതിഷേധ ബാനറുകൾ സ്ഥാപിച്ചു കഴിഞ്ഞു.
ഒരു വർഷത്തിനു മുൻപ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചെങ്കിലും അറ്റകുറ്റപണികൾ ഫലപ്രദമായില്ല. നാട്ടുകാരുടെ പരാതിയുടെ ഫലമായാണ് തകർന്നു കിടക്കുന്ന റോഡിന് മെയിന്റനൻസ് ഫണ്ട് അനുവദിച്ചത്. വർക്കല എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന്‍ തുക അനുവദിക്കാൻ സന്നദ്ധമായെങ്കിലും പഞ്ചായത്ത് ഫണ്ടിൽ ഭരണാനുമതി ലഭിച്ചതിനാൽ അത് വിനിയോഗിച്ച് റോഡ് പുനരുദ്ധികരിക്കാൻ സാധിച്ചില്ല. ടാർ, മെറ്റൽ, ചിപ്‌സ് ഉൾപ്പെടെയുള്ളവ ഇറക്കിയിട്ട് പത്തു മാസവും കോൺക്രീറ്റ് സൈഡ് ഫോർമേഷൻ നടന്നിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും റോഡു പണി മുന്നോട്ടു നീങ്ങാതെ നിലച്ചിരിക്കുകയാണ്. അതിനിടയിൽ, ഇറക്കി വെച്ച പകുതിയോളം ടാറും മെറ്റലും കരാറുകാരൻ കടത്തിയെന്നും ആരോപണമുണ്ട്.