auto-taxi

തിരുവനന്തപുരം: ആട്ടോ, ടാക്‌സി നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമരസമിതി 18 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായതിനെ തുടർന്നാണിത്. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി വിവിധ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
നിരക്ക് വർദ്ധന ശുപാർശ ചെയ്തുകൊണ്ട് ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി സർക്കാരിന് നൽകിയ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി സംയുക്ത സമരസമിതി നേതാക്കളെ അറിയിച്ചു. ഇതിൽ ഡിസംബർ ഒന്നിനുള്ളിൽ സർക്കാർ തീരുമാനമെടുക്കും. ആട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 ൽനിന്നും 30 രൂപയായും ടാക്‌സിയുടെ നിരക്ക് 150 ൽ നിന്നും 200 രൂപയായും ഉയർത്താൻ കമ്മിഷൻ നിർദേശിച്ചിരുന്നു.പുതിയ നിരക്ക് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിലേ ഉണ്ടാകൂ.