കഴക്കൂട്ടം: സ്കൂളിൽ നിന്ന് ബസിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും ഒപ്പമുണ്ടായിരുന്ന അപ്പൂപ്പനും, മദ്യ ലഹരിയിൽ മുൻ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് ദാരുണമായി മരിച്ചു. വെട്ടുറോഡ് കാവോട്ടുമുക്കിനടുത്ത് റിട്ട: അദ്ധ്യാപകൻ പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസലാം (78), ഇദ്ദേഹത്തിന്റെ മകൾ റാഷിദയുടെ മകൾ ആലിയഫാത്തിമ (11) എന്നിവരാണ് മരിച്ചത്. രോഷാകുലരായ നാട്ടുകാർ കാർ തല്ലിത്തകർത്തു. ഇന്നലെ വൈകിട്ട് നാലരയോടെ കാവോട്ടുമുക്കിനും മലമേൽപറമ്പിനും ഇടയ്ക്കായിരുന്നു അപകടം.
വി.എസ്.എസ്.സിയിലെ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന ആലിയയെ അപ്പൂപ്പൻ മലമേൽപറമ്പ് ജംഗ്ഷനിൽ നിന്ന് വിളിച്ചുകൊണ്ട് നടന്നുവരുമ്പോഴാണ് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചത്. കാവോട്ടുമുക്ക് ഭാഗത്ത് നിന്നു വന്ന ഇന്നോവ കാർ രണ്ട് ബൈക്കിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചശേഷമാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. അബ്ദുൽസലാം തൽക്ഷണം മരിച്ചു. ആലിയയെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് അന്ത്യം സംഭവിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മാഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാർ കാർ തല്ലിത്തകർത്തത് മണിക്കൂറുകറോളം സ്ഥലത്ത് പ്രതിഷേധവും സംഘർഷാവസ്ഥയും സൃഷ്ടിച്ചു. അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. പൊലീസിലായിരുന്ന മാഹിൻ 15 വർഷംമുമ്പ് അവധിയെടുത്ത് വിദേശത്ത് പോകുകയായിരുന്നു. തുടർന്ന് ഇയാളെ പിരിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആലിയയുടെ പിതാവ് സുധീർ വി.എസ്.എസ്.സിയിൽ സർവീസിലിരിക്കെ മൂന്ന് വർഷം മുമ്പ് ട്രെയിനിൽനിന്ന് വീണ് മരിച്ചു. മാതാവ് റാഷിദ വി.എസ്.എസ്.സി ഉദ്യോഗസ്ഥയാണ്. സഹോദരൻ ആതിൽ കിളിമാനൂർ ഐ.ടി.ഐ വിദ്യാർത്ഥിയാണ്. പരേതയായ സുബൈദ ബീവിയാണ് മരിച്ച അബ്ദുൽസലാമിന്റെ ഭാര്യ. മറ്റൊരു മകൾ: സലീല.