പാലോട് : പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള നടപടി ഉണ്ടാകേണ്ടത് സർക്കാർ തലത്തിലാണെന്ന് പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്. മനുഷ്യാവകാശ കമ്മിഷന്റെ വിശദീകരണത്തിനുള്ള മറുപടിയിലാണ് നിസഹായത വ്യക്തമാക്കി പഞ്ചായത്ത് സെക്രട്ടറി ജെ.എസ്.സന്തോഷ്‌കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. പദ്ധതി സംബന്ധിച്ചുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഓടുചുട്ട പടുക്കയിൽ ഐ.എം.എ നടപ്പാക്കാൻ ലക്ഷ്യമിട്ട ആശുപത്രി മാലിന്യസംസ്കരണ പ്ലാന്റ് ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നിറുത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. ജൈവ വൈവിദ്ധ്യ മേഖലയായ പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ആദിവാസി പ്രവർത്തകൻ ചെമ്പൻകോട് മണികണ്ഠൻ നൽകിയ ഹർജിയിൽ മൂന്നാംകക്ഷിയാണ് ഗ്രാമപഞ്ചായത്ത്. ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം ജില്ലാകളക്ടറെയും പ്രധാന കക്ഷികളാക്കി സമർപ്പിച്ച ഹർജിയിന്മേലുള്ള ആദ്യ സിറ്റിംഗ് ഡിസംബർ 4 നു രാവിലെ പത്തരയ്ക്ക് കമ്മിഷൻ ആസ്ഥാനത്ത് നടക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.