തിരുവനന്തപുരം : നഗരസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കിണവൂർ വാർഡിലേക്കുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങി. പത്രിക പിൻവലിക്കാനുള്ള അവസാന സമയം ഇന്നലെ വൈകിട്ട് 3ന് അവസാനിച്ചു. എൽ.ഡി.എഫ്, യു.ഡി.എഫ് ഡമ്മിസ്ഥാനാർത്ഥികൾ സമർപ്പിച്ചിരുന്ന പത്രികകളാണ് പിൻവലിച്ചത്. ഇതോടെ ആകെ പത്രികളുടെ എണ്ണം മൂന്നായി. ഇനി മുന്നണികൾക്ക് വീറും വാശിയും നിറഞ്ഞ ദിനങ്ങളാണ്. 29നാണ് വോട്ടെടുപ്പ്. 30ന് വോട്ടെണ്ണൽ നടക്കും. കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസറും ഉപതിരഞ്ഞെടുപ്പിന്റെ വരണാധികാരിയുമായ വി.എസ്. ബിജുവിന് മുന്നിലാണ് സ്ഥാനാർത്ഥികൾ തിങ്കളാഴ്ച പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. അരുൺ, യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഷീലാസ്. ബി.ജെ.പി സ്ഥാനാർത്ഥി എ.സനൽകുമാർ എന്നിവർ തമ്മിലാണ് പോരാട്ടം. കോൺഗ്രസ് പ്രതിനിധിയായിരുന്ന കെ.സി. വിമൽകുമാറിന്റെ മരണത്തെ തുടർന്നാണ് കിണവൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.