school

ചിറയിൻകീഴ്: നഴ്സറി മുതൽ അഞ്ച് വരെ ക്ലാസുകളിലായി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന പെരുമാതുറ ഗവ. എൽ.പി സ്കൂളിൽ മതിയായ പഠന സൗകര്യങ്ങൾ പോലും ഒരുക്കാതെ അവഗണിക്കുകയാണ് അധികൃതർ. അരയേക്കറോളം ഭൂമിയിലായി നാല് കെട്ടിടങ്ങളുണ്ടെങ്കിലും രണ്ടെണ്ണം കാലപഴക്കം ചെന്നതാണ്. പതിറ്റാണ്ടുകൾ പഴക്കമുളള ഒരു കെട്ടിടം പൂർണമായും പ്രവർത്തനരഹിതമാണ്. മറ്റേതിൽ രണ്ടാം ക്ലാസും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്നുണ്ട്. ഇതിന് ബലക്കുറവിന് പുറമേ ചോർച്ചയുമുണ്ട്. സുവർണ ജൂബിലി സ്മാരകം, എസ്.എസ്.എ ഫണ്ട് എന്നിവ ഉപയോഗിച്ച് 2003- 2005 കാലഘട്ടത്ത് നിർമ്മിച്ച മറ്റൊരു ഇരുനില കെട്ടിടവും നാശത്തിന്റെ വക്കിലാണ്. പ്രവർത്തനരഹിതമായി കിടക്കുന്ന കെട്ടിടം പൊളിച്ച് മാറ്റി അവിടെ ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്റ്റാഫ് റൂം പ്രവർത്തിക്കുന്ന കെട്ടിടവും അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തുകയോ പൊളിച്ച് മാറ്റി മറ്റൊരു കെട്ടിടം നിർമ്മിക്കുകയോ വേണമെന്നാവശ്യവും ശക്തമാണ്. പുതിയത് നിർമ്മിക്കാമെന്ന ഉറപ്പിന്മേൽ അദ്ധ്യാപകർ ഉപയോഗിച്ച് കൊണ്ടിരുന്ന ടൊയ്ലൈറ്റ് പൊളിച്ച് നീക്കിയിരുന്നു. ടൊയ്ലൈറ്റിന് വേണ്ടി പഞ്ചായത്തിൽ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുതിയ ടൊയ്ലൈറ്റ് നിർമ്മിക്കുന്ന സ്ഥലത്ത് നിൽക്കുന്ന മഹാഗണി മരം മുറിക്കാൻ വനം വകുപ്പ് മുൻകൈയെടുക്കണം. വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ട് മാസങ്ങളായെങ്കിലും നടപടിയൊന്നുമായില്ല. മറ്റ് പല സ്കൂളുകളും അപ്ഗ്രേഡ് ചെയ്യുമ്പോൾ ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുളള ഈ സ്കൂളിനെ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതായുള്ള ആരോപണവും ശക്തമാണ്. മുൻപൊരിക്കൽ സ്കൂളിനെ അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടിയുളള നീക്കം നടന്നെങ്കിലും അത് ഫലവത്തായില്ല.