തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്‌തി ദേശായിക്കും (33) കൂടെയുള്ള ആറുപേർക്കും പൊലീസ് സുരക്ഷ നൽകും. എന്നാൽ അവരുടെ ചിലവ് വഹിക്കണമെന്ന തൃപ്തിയുടെ ആവശ്യം സർക്കാർ തള്ളി. വാഹനമോ ഹോട്ടലോ ഗസ്റ്റ്‌ഹൗസോ നൽകില്ല.
ശബരിമലയിൽ എത്തിയാൽ വധിക്കുമെന്ന് തൃപ്തി ദേശായിക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. തൃപ്തിയെ വിമാനത്താവളത്തിൽ വച്ച് തന്നെ മടക്കി അയയ്ക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും അക്കാര്യം തീരുമാനിച്ചില്ല.
വിമാനത്താവളത്തിൽ നിന്ന് കോട്ടയത്തേക്ക് പോയി അവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് 7 മണിയോടെ ദർശനം നടത്താനാണ് അവരുടെ പദ്ധതി.
'എന്തുവന്നാലും
മുട്ടുമടക്കില്ല'
ഞാൻ നല്ല ഭക്തയാണ്. എന്തുവന്നാലും ഈ മണ്ഡലകാലത്തുതന്നെ അയ്യപ്പസ്വാമിയെ തൊഴുതിട്ടേ പോകൂ. തിരിച്ചുപോകാനുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല. ഞാൻ ദർശനം നടത്തിയാൽ ഞരമ്പുമുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞ് ഫോൺവിളികൾ വരുന്നുണ്ട്. സർക്കാർ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുമെന്നാണ് പ്രതീക്ഷ. പ്രതിഷേധം സ്ത്രീകളുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്.