തുമ്പയിൽ നടന്ന രഞ്ജിട്രോഫി മത്സരത്തിൽ കേരളം ഒൻപത് വിക്കറ്റിന് ആന്ധ്രയെ തോൽപ്പിച്ചു.
രണ്ട് ഇന്നിംഗ്സുകളിലുമായി ഒൻപത് വിക്കറ്റുകളും 152 റൺസും നേടിയ ജലജ് സക്‌സേന മാൻ ഒഫ് ദ മാച്ച്
തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ ഇന്നലെ കേരള ക്രിക്കറ്റിന് ഒമ്പതാം ഉത്സവമായിരുന്നു. ഇൗ സീസണിലെ ആദ്യ രഞ്ജി ട്രോഫി വിജയം ആഘോഷിച്ച കേരള ടീം എലൈറ്റ് ഗ്രൂപ്പ് എയിൽ കരുത്തരായ ബംഗാളിനെയും തമിഴ്നാടിനെയും ഡൽഹിയെയുമൊക്കെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.
ആദ്യമൂന്നുദിവസം കൊണ്ടുതന്നെ വിജയമുറപ്പിച്ചിരുന്ന കേരളം അവസാന ദിവസമായ ഇന്നലെ രാവിലെ ഒറ്റമണിക്കൂറിനുള്ളിൽത്തന്നെ വിധി കുറിച്ചു.102/8 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ആന്ധ്രയെ 115ന് ആൾ ഒൗട്ടാക്കിയശേഷം 42 റൺസ് വിജയലക്ഷ്യം 13 ഒാവറുകളിൽ നിന്ന് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു
ആദ്യ ഇന്നിംഗ്സിൽ 254 ന് ആൾ ഒൗട്ടായിരുന്ന ആന്ധ്രയ്ക്കെതിരെ കേരളം 328 റൺസടിച്ചിരുന്നു. 74 റൺസ് ലീഡ് വഴങ്ങിയിറങ്ങിയ ആന്ധ്ര രണ്ടാം ഇന്നിംഗ്സിൽ 51.3 ഒാവറിലാണ് 115 ആൾ ഒൗട്ടായത്.
ഇത്ര ഗംഭീരമായ വിജയം കേരളത്തിന് ലഭിച്ചതിന്റെ ക്രെഡിറ്റ് അന്യസംസ്ഥാന ആൾ റൗണ്ടർ ജലജ് സക്‌സേനയ്ക്ക് അവകാശപ്പെട്ടതാണ്. ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങി 335 പന്തുകളിൽനിന്ന് 11ബൗണ്ടറികളടക്കം 133 റൺസ് നേടിയ ജലജ് ആന്ധ്രയുടെ രണ്ടാം ഇന്നിംഗ്സിൽ വീഴ്ത്തിയത് എട്ട് വിക്കറ്റുകളാണ്. ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റും ജലജ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഒാപ്പണറായി ഇറങ്ങി 19 റൺസ് നേടി പുറത്താകാതെ നിൽക്കുകയും ചെയ്തു. മത്സരത്തിൽനിന്ന് ആകെ 152 റൺസും ഒൻപത് വിക്കറ്റുകളുമാണ് ജലജ് നേടിയത്.
ഇന്നലെ 102/8 എന്ന നിലയിൽ ഇറങ്ങിയ ആന്ധ്രയ്ക്ക് റിക്കി ഭുയി (32), ഡി.പി. വിജയകുമാർ (0) എന്നിവരുടെ വിക്കറ്റുകളാണ് 17 റൺസെടുക്കുന്നതിനിടെ നഷ്ടമായത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്ന റിക്കി ഭുയിയെ ബേസിൽ തമ്പി പുറത്താക്കിയപ്പോൾ വിജയകുമാറിനെ ജലജിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് സഞ്ജു സാംസൺ ആന്ധ്ര ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. തലേന്ന് ഏഴ് വിക്കറ്റുമായി നിന്ന ജലജ് 21-3 ഒാവറിൽ രണ്ട് മെയ്ഡനടക്കം 45 റൺസ് വഴങ്ങിയാണ് എട്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.
തുടർന്ന് 42 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് അരുൺ കാർത്തികിന്റെ (16) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ജലജ് 44 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കമാണ് പുറത്താകാതെ 19 റൺസ് നേടിയത്. മാൻ ഒഫ് ദ മാച്ചും ജലജ് തന്നെ. ഇൗ വിജയത്തോടെ കേരളത്തിന് ആറ് പോയിന്റ് ലഭിച്ചു.
എലൈറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഇതേ വേദിയിൽ കേരളം ഹൈദരാബാദുമായി സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ട് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായാണ് കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തിയിരിക്കുന്നത്. ആറ് പോയിന്റുള്ള ബംഗ്ളാണ് രണ്ടാമത്.
സ്കോർ കാർഡ്
ആന്ധ്ര ഒന്നാം ഇന്നിംഗ്സ് : 254
റിക്കി ഭുയി 109
കെ.സി. അക്ഷയ് 4/64
ബേസിൽതമ്പി 3/50
ജലജ് സക്‌സേന 1/54
കേരളം ഒന്നാം ഇന്നിംഗ്സ്: 328
ജലജ് സക്‌സേന 133
അരുൺ കാർത്തിക് 56
രോഹൻ പ്രേം 47
മനീഷ് 3/81, ഷൊയ്ബ് 89/3
ആന്ധ്ര രണ്ടാംഇന്നിംഗ്സ് 115
റിക്കി ഭുയി 39
ജലജ് സക്സേന 8/45
ബേസിൽ തമ്പി 2/36
കേരളം രണ്ടാം ഇന്നിംഗ്സ്: 43/1
ജലജ് സക്‌സേന 19 നോട്ടൗട്ട്
സക്‌സസ് സേന
32 കാരനായ ജലജ് സക്‌സേന വലംകയ്യൻ ബാറ്റ്സ്മാനും ഒഫ് ബ്രേക്ക് ബൗളറുമാണ്.
. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയുന്ന ജലജ് ആന്ധ്രയ്ക്കെതിരെ ഒാപ്പണറായാണ് ഇറങ്ങിയത്.
. മദ്ധ്യപ്രദേശുകാരനായ ജലജിന്റെ 102-ാമത് ഫസ്റ്റ് ക്ളാസ് മത്സരമായിരുന്നു ഇത്.
. 13-ാമത്തെ ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണ് തുമ്പയിൽ കുറിച്ചത്.
. 5654 റൺസാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ജലജിന്റെ സമ്പാദ്യം.
ജലജിന്റെ ഒരിന്നിംഗ്സിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലത്തെ 8/45.
. രണ്ട് ഇന്നിംഗ്സുകളിൽ നിന്നുമായി ജലജ് 16/154 എന്ന ബൗളിംഗ് ഫിഗർ നേരത്തെ നേടിയിട്ടുണ്ട്.
. ഇത് രണ്ടാംവട്ടമാണ് ജലജ് കേരളത്തിന് വേണ്ടി ഒരിന്നിംഗ്സിൽ എട്ട് വിക്കറ്റുകളും സെഞ്ച്വറിയും നേടുന്നത്
. കഴിഞ്ഞ സീസണിൽ രാജസ്ഥാനെതിരെ 105 റൺസും 85 റൺസ് വഴങ്ങി എട്ട് വിക്കറ്റും നേടിയിട്ടുണ്ട്
. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ ജലജിനെ കൂടാതെ ചന്ദ്രസർവാതെ, രവീന്ദർ പണ്ഡിറ്റ് എന്നിവർ മാത്രമേ എട്ട് വിക്കറ്റുകളും സെഞ്ച്വറിയും ഒരുമിച്ച് നേടിയിട്ടുള്ളൂ
ആസ്ട്രേലിയയുടെ ജോർജ് ഗിഫണും ഇംഗ്ളണ്ടിന്റെ ഡബ്‌ള്യു.ജി ഗ്രേസും മൂന്നുതവണ സെഞ്ച്വറിയും എട്ട് വിക്കറ്റും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ നേടിയിട്ടുണ്ട്
. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 273 വിക്കറ്റുകൾക്ക് ഉടമയാണ് ജലജ്
.