y

വെഞ്ഞാറമൂട്: പച്ചപ്പ്‌ നിറഞ്ഞ പുൽമേടുകളും അറബികടലിന്റെ കുളിർ കാറ്റുമായി സഞ്ചാരികളെ മാടിവിളിക്കുകയാണ് വെഞ്ഞാറമൂടിന് സമീപത്തെ വെള്ളാണിക്കൽ. പോത്തൻകോട്, മാണിക്കൽ, മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാറകളാൽ സമൃദ്ധമായ ഈ പ്രദേശം. സമുദ്ര നിരപ്പിൽനിന്ന് 500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറ സഞ്ചാരികൾക്ക് അവിസ്മരണീയമായ കാഴ്ച ഒരുക്കുന്നു. പ്രകൃതിരമണീയമായ പാറയുടെ മുകളിൽ ഇളം കാറ്റേറ്റ് സൂര്യാസ്തമയം കാണാൻ നിരവധി കുടുംബങ്ങളാണ് എത്തുന്നത്. വെഞ്ഞാറമൂട് നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ പാറയുടെ മുകളിലെത്താം. ഇവിടെ എത്തുന്ന സഞ്ചാരികളിൽ സാഹസികത ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നത് പുലിച്ചാണി ഗുഹയാണ്. ചെങ്കുത്തായ ചരിവിൽക്കൂടി വേണം ഗുഹയുടെ കവാടത്തിലേക്ക് എത്താൻ. ചെറിയ കവാടത്തിലൂടെ ഉള്ളിലേക്ക് കയറിയാൽ ഒരാൾ പൊക്കമുള്ള ഗുഹയ്ക്കകത്ത് എത്താം. ഗുഹയുടെ വശത്തായി സർപ്പം പത്തി വിടർത്തി നിൽക്കുന്ന തരത്തിലുള്ള മറ്റൊരു പാറ കാണികളെ വിസ്മയിപ്പിക്കുന്നു. റോഡിൽ നിന്നും പാറയിലേക്ക് കയറുന്ന കവാടത്തിൽ നിന്നാൽ മറ്റൊരു ടൂറിസം മേഖലയായ മദപുരം തമ്പുരാൻ-തമ്പുരാട്ടി പാറ കാണാൻ കഴിയും. സിനിമാ-സീരിയൽ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷൻ ആണ് ഇവിടം. പാലോട് രവി എം.എൽ.എ ആയിരുന്നപ്പോൾ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് റോഡിൽ നിന്നും പാറയിലേക്ക് കയറുന്ന കല്പടവ്, പാർക്കിംഗ് ഏരിയ, കോഫി സെന്റർ എന്നിവ നിർമ്മിച്ചിരുന്നു. പക്ഷേ ടോയ്ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ ടൂറിസം വകുപ്പിനോ ബന്ധപ്പെട്ട അധികാരികൾക്കോ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒരു ടവർ നിർമ്മിച്ച്‌ ദൂരദർശിനി സ്ഥാപിച്ചാൽ തിരുവനന്തപുരം-കൊല്ലം ഭാഗത്തെ തീരദേശപ്രദേശം കാണാൻ കഴിയുമെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. കുട്ടികൾക്കായി റോപ് വേയും പുലിച്ചാണി ഗുഹയിലേക്ക് ഒരു പടിക്കെട്ടും നിർമ്മിച്ചാൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുമെന്നതിൽ സംശയമില്ല.