തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് സാവകാശ ഹർജി നൽകിയേക്കും. ഇതിൽ നിയമോപദേശം തേടാൻ ഇന്നലെ രാത്രി ദേവസ്വം ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. സുപ്രീംകോടതി സ്റ്രാൻഡിംഗ് കോൺസലിന്റെ നിയമോപദേശം കിട്ടിയ ശേഷം ഇന്നത്തെ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് എ.പത്മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹർജി നൽകിയാൽ ഇതുവരെ സർക്കാർ കൈക്കൊണ്ട നിലപാടിൽ നിന്നുള്ള മാറ്റമാവും അത്.
ബോർഡിന് വിശ്വാസികളുടെ കാര്യവും കോടതി വിധിയും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പരിഗണിക്കേണ്ടതുണ്ടെന്നും പത്മകുമാർ ചൂണ്ടിക്കാട്ടി.ഇന്നലത്തെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബോർഡിനെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. സുപ്രീംകോടതിയിൽ നിന്നുള്ള ചില പേപ്പറുകൾ കൂടി കിട്ടാനുണ്ട്.ഇന്ന് രാവിലെ അത് ലഭ്യമാക്കാൻ വേണ്ടതു ചെയ്യും. അതിന് ശേഷം നിയമപരമായ കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കും.സാവകാശ ഹർജിയുടെ കാര്യത്തിൽ തത്വത്തിൽ തീരുമാനമെടുത്തതായി പറയാം.
ശബരിമലയെ മണ്ഡലകാലത്ത് കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങൾ ഒരു ഭാഗത്തു നിന്നുമുണ്ടാവരുതെന്നാണ് അഭ്യർത്ഥനയെന്നും പത്മകുമാർ പറഞ്ഞു.
പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രികുടുംബവുമായും ഇന്നലെ നടത്തിയ ചർച്ചയിൽ ദേവസ്വംബോർഡ് സാവകാശ ഹർജി നൽകട്ടെയെന്ന നിലപാട് മുഖ്യമന്ത്രിയും പ്രകടിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ഇന്നലെ ചർച്ച നടത്തിയിരുന്നു. നാളെ മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമലയിൽ അനിഷ്ടങ്ങൾ ഒഴിവാക്കാൻ സാവകാശം തേടൽ സഹായിക്കുമെന്ന് ബോർഡ് കണക്കുകൂട്ടുന്നു.
എന്നാൽ സാവകാശ ഹർജി നൽകിയാലും കോടതിയുടെ അനുകൂല തീരുമാനത്തിന് സാദ്ധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. പ്രസിഡന്റിനെക്കൂടാതെ ബോർഡ് അംഗം കെ.പി.ശങ്കരദാസ്, കമ്മിഷണർ എൻ.വാസു, സെക്രട്ടറി ജയശ്രീ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.