കല്ലറ : ശബരിമല കർമ്മസമിതി പ്രവർത്തകനെ രാത്രി വീട് വളഞ്ഞ് പിടികൂടുകയും മാതാപിതാക്കളെയും ഭാര്യയെയും മർദ്ദിക്കുകയും ചെയ്‌ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മസമിതി പ്രവർത്തകർ ഷാഡോ പൊലീസ് ഉദ്യോഗസ്ഥനായ ജയന്റെ കല്ലറയിലുള്ള വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പൊലീസ് പാതിവഴിയിൽ തടഞ്ഞു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഒരാഴ്ച മുമ്പ് പാലോട് ചല്ലിമുക്ക് സ്വദേശി സജീവിനെ രാത്രിയിൽ പാലോട് സി.ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റ് ചെയ്‌തിരുന്നു. അറസ്റ്റിനെ എതിർത്ത സജീവിന്റെ മാതാവ് ഓമനയെയും ഭാര്യ അനുജയെയും സി.ഐയുടെ സാന്നിദ്ധ്യത്തിൽ പൊലീസുകാർ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. സജീവിനെ വിലങ്ങുവച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ജീപ്പിലാണ് അമ്മയെയും ഭാര്യയെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചതെന്നും അടുക്കള വാതിൽ തകർത്ത് വീട്ടിൽ കയറിയ പൊലീസ് സംഘത്തിൽ വനിതാ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വൈകിട്ട് കല്ലറ എ.ആർ.എസ് ജംഗ്ഷനിൽ നിന്നും തുടങ്ങിയ പ്രതിഷേധ ജാഥ ഷാഡോ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേയ്ക്കുള്ള വഴി മധ്യേപൊലീസ് തടയുകയായിരുന്നു. തുടർന്ന് പൊലീസും കർമ്മ സമിതി പ്രവർത്തകരും തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിൽ 7 മണിയോടെ സമരക്കാർ പിരിഞ്ഞ് പോയി. പാങ്ങോട്, കിളിമാന്നൂർ, വെഞ്ഞാറമൂട് , വട്ടപ്പാറ എന്നി പൊലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.