stethascope

തിരുവനന്തപുരം: കാരക്കോണം സി.എസ്‌.ഐ മെഡിക്കൽ കോളേജിൽ വ്യാജ സമുദായ സർട്ടിഫിക്ക​റ്റ് ഹാജരാക്കി പ്രവേശനം നേടിയ 11വിദ്യാർത്ഥികളുടെ എം.ബി.ബി.എസ് അഡ്‌മിഷൻ ജസ്​റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ പ്രവേശന മേൽനോട്ട സമിതി റദ്ദാക്കി. സി.എം.എസ് ആംഗ്ലിക്കൻ സഭാംഗങ്ങളുടെ മക്കളെന്ന നിലയിൽ നേടിയ ഒമ്പത് പേരുടെയും, സി.എസ്‌.ഐ അനുബന്ധ സമുദായാംഗം എന്ന നിലയിൽ നേടിയ രണ്ടു പേരുടെയും പ്രവേശനമാണ് റദ്ദാക്കിയത്.

ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് ഡേവിഡ് ലൂക്കോസാണ് ഒമ്പത് പേർക്ക് സമുദായ സർട്ടിഫിക്ക​റ്റ് നൽകിയത്. ഡേവിഡ് ലൂക്കോസ് ആംഗ്ലിക്കൻ ചർച്ച് ബിഷപ്പ് മാത്രമാണെന്നും സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് അംഗങ്ങൾക്ക് ഇദ്ദേഹം നൽകിയ സമുദായ സർട്ടിഫിക്ക​റ്റ് അസാധുവാണെന്നും ഉത്തരവിൽ വ്യക്തമാക്കി. സമുദായ സർട്ടിഫിക്ക​റ്റ് നൽകാൻ ബിഷപ്പ് വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളിക്കളയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. സി.എസ്‌.ഐ സഭാംഗം എന്ന പേരിൽ പ്രവേശനം നൽകിയ മാർത്തോമാ വിഭാഗത്തിലെ വിദ്യാർത്ഥിയുടെ പ്രവേശനവും റദ്ദാക്കി. സി.എസ്‌.ഐ അനുബന്ധ സമുദായാംഗം എന്ന പേരിലാണ് ​മറ്റൊരു വിദ്യാർത്ഥി പ്രവേശനം നേടിയത്. ഇതും റദ്ദാക്കി.

അവശേഷിക്കുന്ന 89 വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ലഭിക്കും. സമുദായ സർട്ടിഫിക്ക​റ്റ് അനുവദിക്കുന്നതിൽ വില്ലേജ് ഓഫീസർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആറ് വർഷത്തിൽ കുറയാതെ അംഗമായവർക്കല്ലാതെ സമുദായ സർട്ടിഫിക്ക​റ്റ് നൽകരുതെന്നും മതനേതാക്കൾക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.