-sabarimala-all-party-mee

തിരുവനന്തപുരം:സമവായ സാദ്ധ്യത അടച്ച് സർവ്വകക്ഷി യോഗം അലസിയെങ്കിലും ശബരിമലയിൽ അവസാന നിമിഷ ഒത്തുതീർപ്പിന് രാഷ്ട്രീയനീക്കങ്ങൾ നടക്കുന്നു. ശബരിമല വീണ്ടും രാഷ്ട്രീയ ബലപരീക്ഷണത്തിനുള്ള ഗോദയാകുന്നുവെന്ന പ്രതീതി ഉണർത്തിയ ശേഷമാണ് യുവതീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടാൻ ദേവസ്വം ബോർഡ് ആലോചിക്കുന്നത്. പക്ഷേ കോടതി എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. സാവകാശ ഹർജിയിൽ വലിയ തിരിച്ചടിയാകാനും മതിയെന്ന നിയമോപദേശം ബോർഡിനെ അലട്ടുന്നുമുണ്ട്.

യുവതീപ്രവേശന വിധി നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സ്ഥിതിക്ക് സർക്കാരിന്റെ നിലപാട് മാറ്റം പ്രതീക്ഷിച്ചതല്ല. ഒന്നാമത് കോടതിയലക്ഷ്യ സാദ്ധ്യത. പിന്നെ ലിംഗസമത്വമെന്ന പുരോഗമനനിലപാടിൽ നിന്ന് പിന്മാറുക സർക്കാരിനും സി.പി.എം നേതൃത്വത്തിനും അസാദ്ധ്യമാണ്.വിശ്വാസസംരക്ഷണത്തിന്റെ പേരിൽ സമരമുഖം തുറന്ന കോൺഗ്രസിനും സംഘപരിവാറിനും പിറകോട്ട് പോക്ക് അസാദ്ധ്യമായി.

പുനഃപരിശോധനാ ഹർജികൾ കേൾക്കാമെന്ന സുപ്രീംകോടതി തീരുമാനത്തെ വ്യാഖ്യാനിച്ച് ഒരു പഴുത് തുറന്നിട്ടാലും പിന്നീട് കോടതിയുടെ പ്രതികരണം എന്താകുമെന്ന് പറയാനാവില്ലെന്നാണ് സർക്കാരിനും ബോർഡിനും കിട്ടിയ നിയമോപദേശം. കോടതി കടുപ്പിച്ചാൽ സർക്കാരിന്റെ നിലനില്പ് പോലും അപകടത്തിലാകാമെന്ന് ചില നിയമവിദഗ്ദ്ധർ ഉപദേശിച്ചു. പിറകോട്ട് പോയാൽ സർക്കാരിനെ പിന്തുണച്ചവരെ അതൃപ്തരാക്കുമെന്നതും സമസ്യയായി.

സർവ്വകക്ഷിയോഗത്തിന് ശേഷം തന്ത്രി കുടുംബവുമായും പന്തളം രാജകുടുംബവുമായും നടത്തിയ ചർച്ചയാണ് വഴിത്തിരിവായത്. ദേവസ്വംബോർഡോ സർക്കാരോ സാവകാശം തേടി കോടതിയെ സമീപിച്ചാൽ ഇപ്പോഴത്തെ പരിതസ്ഥിതിയിൽ കോടതി പരിഗണിച്ചേക്കാമെന്ന് ചില നിയമവിദഗ്ദ്ധർ തങ്ങളോട് ഉപദേശിച്ചെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. സർക്കാരിന് അത് സാദ്ധ്യമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ദേവസ്വം ബോർഡ് ചെയ്യുന്നെങ്കിൽ ആകട്ടെയെന്ന് പറഞ്ഞു. കടുംപിടുത്തത്തിൽ നിന്നൊരു അയവായി അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

തന്ത്രി - രാജപ്രതിനിധി ചർച്ചകളിൽ അനുകൂലസാഹചര്യങ്ങൾ ഉരുത്തിരിഞ്ഞെന്ന് സർക്കാർകേന്ദ്രങ്ങൾ വിലയിരുത്തുന്നു. പൊതുവിൽ ആചാരങ്ങൾ തിരുത്തപ്പെടേണ്ടവയാണന്ന് പറഞ്ഞ ഇവർ, ശബരിമല ആചാരം അത്തരത്തിലല്ലെന്ന് ആവർത്തിച്ചു. എന്നാൽ സുപ്രീംകോടതിയുടെ സമീപനത്തെ പറ്റിയുള്ള ബോദ്ധ്യവും അവരിലുണ്ടെന്ന് സർക്കാർ കരുതുന്നു. ഇവിടെ നിന്നാണ് പുതിയ സമവായവഴികൾ തുറക്കുന്നത്. ഒരു രാഷ്ട്രീയ തിരിച്ചടി ഇടതുമുന്നണിയോ പ്രതിപക്ഷമോ ആഗ്രഹിക്കുന്നില്ല. തീർത്ഥാടനകാലത്തിന് ആശ്വസിക്കാവുന്ന വഴിത്തിരിവാണ് ഉരുത്തിരിയുന്നതെന്ന് കരുതാം.