ഇന്ത്യ-ജോർദാൻ സൗഹ്യദ ഫുട്ബാൾ മത്സരം
നാളെ
അമ്മാൻ : അടുത്തവർഷം നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ ടീമിന് നാളെ ജോർദാനെതിരെ നടക്കുന്ന സൗഹൃദ മത്സരം വെറും സൗഹൃദത്തിലൊതുങ്ങില്ല. വലയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയ്ക്കിടയിലെ ഉത്തേജകമാണ് വമ്പന്മാരെ അവരുടെ മണ്ണിൽച്ചെന്ന് കീഴടക്കുക എന്ന ലക്ഷ്യവുമായാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം അമ്മാനിലെത്തിയിരിക്കുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 10.30 നാണ് മത്സരത്തിന്റെ കിക്കോഫ്.
കഴിഞ്ഞമാസം നടന്ന സൗഹൃദ മത്സരത്തിൽ ചൈനയെ അവരുടെ മണ്ണിൽ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായി ജോർദാനെതിരെ ഇറങ്ങുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടി സുനിൽ ഛെത്രിയുടെ അസാന്നിദ്ധ്യമാണ്. ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ ഛെത്രി രണ്ടാഴ്ച വിശ്രമത്തിലാണ്. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടി റെക്കാഡിട്ടിരിക്കുന്ന ഛെത്രിയുടെ അഭാവം നാളെ ഇന്ത്യൻ മുന്നേറ്റത്തെ സാരമായി ബാധിക്കും. ഛെത്രിക്ക് പകരം കൗമാര താരം കോമൾ തട്ടാലിനെ ഇന്ത്യൻ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിചയസമ്പത്തിൽ ഇന്ത്യയ്ക്കുമുന്നിലാണെങ്കിലും ഫിഫറാങ്കിംഗിൽ പിന്നിലാണ് ജോർദാൻ. ഇന്ത്യ 97-ാം റാങ്കുകാരാണ്. ജോർദാൻ 112-ാം റാങ്കുകാരും. കഴിഞ്ഞ മാസം സൗഹൃദ മത്സരത്തിൽ ജോർദാൻ നേരിട്ടത് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെയാണ്. ഇൗ മത്സരത്തിൽ ക്രൊയേഷ്യ 2-1ന് ജയിച്ചിരുന്നു. സമീപകാലത്തുണ്ടായ പ്രളയദുരന്തത്തിന്റെ പിടിയിലാണ് ജോർദാൻ.
22 അംഗ ഇന്ത്യൻ ടീം
ഗുർപ്രീത് സിംഗ്, അംരീന്ദർ സിംഗ് (ഗോൾ കീപ്പേഴ്സ്), പ്രീതം കോട്ടാൽ, നിഷുകുമാർ, സന്ദേശ് ജിംഗാൻ, അനസ് എടത്തൊടിക, സലാം രഞ്ജൻ സിംഗ്, സുഭാഷിഷ് ബോസ്, നാരായൺദാസ്, ജെറി ലാൽ രിൻസുവാല (ഡിഫൻഡേഴ്സ്), ഉദാന്തസിംഗ്, ജാക്കി ചന്ദ്സിംഗ്, പ്രണോയ് ഹാൽദാർ, അനിരുദ്ധ് താപ്പ, വിനീത് റായ്, ജെർമാൻപ്രീത് സിംഗ്, ഹാളിചരൺ നർസാറി, ആഷിഖ് കുരുണിയൻ (മിഡ്ഫീൽഡേഴസ്).
ജെജെലാൽ പെഖുല, സുമീത് പസി, ബൽവന്ത് സിംഗ്, മൻവീർ സിംഗ്, കോമൾതട്ടാൽ.
ഛെത്രിക്ക്
പകരക്കാരനില്ല:
കോച്ച്
പരിക്കേറ്റ സുനിൽ ഛെത്രിക്ക് തുല്യനായ പകരക്കാരനെ കണ്ടെത്തുക എന്നതാണ് ഇന്ത്യൻ ഫുട്ബാൾ നേരിടുന്ന കടുത്ത വെല്ലുവിളിയെന്ന് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. ജോർദാനെതിരായ മത്സരത്തിനായി അമ്മാനിലേക്ക് തിരിക്കുന്നതിന് മുമ്പ് പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു കോച്ച്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന്
ജോർജദാനെതിരെ ഛെത്രി ഇല്ലാത്തത് വലിയ തിരിച്ചടി തന്നെയാണ്. കഴിഞ്ഞ നാലുവർഷമായി ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനാണ് ഛെത്രി.
പകരം വയ്ക്കാൻ ഛെത്രിയോളം മികവുള്ളവരാരും ഇപ്പോൾ ഇന്ത്യൻ ടീമിലില്ല. പക്ഷേ, നാളെ ഛെത്രിയുടെ റോളിലേക്ക് ആരെങ്കിലും ഉയർന്നാലേ പറ്റൂ.
ഛെത്രിയുടെ അഭാവം യുവതാരങ്ങൾ ഒരവസരമായി കാണേണ്ടതുണ്ട്. ആസ്ഥാനത്തേക്ക് ഛെത്രി വിരമിക്കുമ്പോൾ പറ്റിയ ഒരാളെ കണ്ടെത്തേണ്ടുതുമുണ്ട്. ഇന്ത്യൻ ഫുട്ബാളിനെ മുന്നോട്ടുനയിക്കാൻ ഛെത്രിയെപ്പോലൊരു താരത്തിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്.
ഇന്ത്യൻ ഫുട്ബാളിന്റെ യഥാർത്ഥ കുറവ് ഛെത്രിയെപ്പോലെ നിലവാരമുള്ള സ്ട്രൈക്കർമാരുടെ അഭാവമാണ്. മിക്ക ഇന്ത്യൻ ക്ലബുകളുടെയും പ്രധാനസ്ട്രൈക്കർമാർ വിദേശികളായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
ഖത്തറിന് ജയം
ലുഗാനോ: ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ അടുത്ത ലോകകപ്പ് വേദിയായ ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സർലൻഡിനെ അട്ടിമറിച്ചു.
ഇന്നത്തെ സൗഹൃദ മത്സരങ്ങൾ
ജപ്പാൻ Vs വെനിസ്വേല
ചൈനീസ് തായ്‌പേയ് Vs കൊറിയ
ലാവോസ് Vs മ്യാൻമർ
വിയറ്റ്‌നാം Vs മലേഷ്യ
പലസ്തീൻ Vs പാകിസ്ഥാൻ
ബ്രസീൽ Vs ഉറുഗ്വേ
സൗദി Vs യെമൻ
യു.എ.ഇ Vs ബൊളീവിയ
യുവേഫ നേഷൻസ് ലീഗ്
ഇന്നത്തെ മത്സരങ്ങൾ
ഫ്രാൻസ് Vs ഹോളണ്ട്
സ്ളാെവാക്യ Vs ഉക്രൈൻ
വെയിൽസ് Vs ഡെൻമാർക്ക്
സ്ളൊവേനിയ Vs നോർവേ
ചർച്ചിലിന് വിജയം
പനാജി : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് ഗോവ 4-2ന് ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ചർച്ചിലിന് വേണ്ടി വില്ലിസ് പ്ളാസ ഹാട്രിക് നേടി