accident-death

കഴക്കൂട്ടം: ഭർത്താവിന്റെ വിയോഗത്തിൽ തളർന്ന റാഷിദയെ തേടിയെത്തിയത് വീണ്ടും ദുരന്തം. എല്ലാമെല്ലാമായിരുന്ന പൊന്നോമനയുടെയും പിതാവിന്റെയും വേർപാട് ഉൾക്കൊള്ളാനാകാതെ വിങ്ങിപ്പൊട്ടുകയാണിവർ. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ദുരന്തവാർത്ത റാഷിദ അറിഞ്ഞത്. വി.എസ്.എസ്.സി ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് സുധീർ ട്രെയിനിൽ നിന്ന് വീണാണ് മരിച്ചത്. ആ ജോലി റാഷിദയ്‌ക്ക് ലഭിച്ചെങ്കിലും പിതാവ് അബ്ദുൽസലാമിന്റെ തണലിലായിരുന്നു ജീവിതം.

അച്ഛനില്ലാത്ത റാഷിദയുടെ രണ്ടുമക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അബ്ദുൽസലാമാണ് നോക്കിയിരുന്നത്. സ്‌കൂൾ ബസിൽ വന്നിറങ്ങിയ ചെറുമകൾ ആലിയഫാത്തിമയെ അബ്ദുൽസലാം കൂട്ടിക്കൊണ്ടുവരുമ്പോഴാണ് നിയന്ത്രണവിട്ട കാർ ഇവരുടെ ജീവനെടുത്തത്. ഇടതുവശം ചേർന്ന് ചെറുമകളുടെ കൈയും പിടിച്ചാണ് അബ്ദുൽസലാം നടന്നിരുന്നത്. ബസിൽ നിന്ന് ചെറുമകളെയുംകൂട്ടി നൂറുമീറ്റർ നടന്നപ്പോഴാണ് അപകടമുണ്ടായത്. ഇവരുടെ വേർപാട് പ്രദേശവാസികളെയും സങ്കടത്തിലാഴ്ത്തി.