കഴക്കൂട്ടം: മദ്യ ലഹരിയിൽ കാറോടിച്ച് വഴിയാത്രക്കാരയ റിട്ട. അദ്ധ്യാപകനെയും ചെറുമകളെയും ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പൊലീസുകാരൻ പിടിയിൽ. ചാന്നാങ്കര ഐ.എസ് ഗാർഡനിൽ മാഹീനെയാണ് (52) കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയിൽ മാഹീൻ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യയ്‌ക്കാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
നഗരത്തിൽ ഒരു സുഹൃത്തിന്റെ മദ്യസത്കാരത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്കു വരുമ്പോഴായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇയാൾ അപകടത്തിന് മുമ്പ് ശ്രീകാര്യം മുതൽ കാവോട്ടുമുക്കുവരെ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ശ്രീകാര്യത്ത് രണ്ടു ബൈക്കുകളെ ഇയാൾ ഇടിച്ചിട്ടിരുന്നു. തുടർന്ന് കാര്യവട്ടത്ത് ഒരു സൈക്കിൾ യാത്രക്കാരനെയും ഇടിച്ച് വീഴ്ത്തി. പിന്നീട് കഴക്കൂട്ടത്ത് മേൽപ്പാലം കയറിപോകുമ്പോൾ സ്‌കൂൾ ബസിനെ ഓവർടേക്കു ചെയ്‌തുകയറിയ ഇയാൾ ഒരു സ്‌കൂട്ടർ യാത്രക്കാരനെയും തട്ടിയിട്ടു. ആർക്കും പരിക്കില്ലാത്തതിനാൽ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല.