ചെങ്ങന്നൂർ: ശബരിമല ദർശനത്തിന് കേരള പൊലീസിന്റെ വെബ് പോർട്ടലിൽ ബുക്ക് ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള യുവതികളിൽ അധികവും നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ഇന്റലിജൻസിന് വിവരം ലഭിച്ചു. വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് ശേഖരിച്ച് തുടങ്ങി.
ബുക്ക് ചെയ്തിരിക്കുന്നവരിലധികവും ആക്ടിവിസ്‌റ്റുകളും നക്‌സലുകളുമാണെന്നാണ് സൂചന. നക്‌സൽ സംഘടനകൾ ശബരിമലയിൽ സ്ത്രീകളെ എത്തിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സുരക്ഷാമേഖലയായ ശബരിമലയിലേക്ക് യുവതീ പ്രവേശനം സാദ്ധ്യമാക്കുന്നതിന്റെ പേരിൽ നക്‌സൽ സംഘങ്ങൾ എത്തിയാലുണ്ടാകാവുന്ന സുരക്ഷാ വീഴ്‌ച കേരളാ പൊലീസിന് പുതിയ തലവേദനയാകുകയാണ്.
അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന നക്‌സൽ സംഘങ്ങളെ തിരിച്ചറിയാൻ നിലവിൽ പൊലീസിന് സംവിധാനങ്ങളില്ല. ഏക മാർഗം ദേഹപരിശോധന മാത്രമാണ്. മെറ്റൽ ഡിറ്റക്‌ടർ, സ്‌കാനൽ, മുഖം തിരിച്ചറിയാനുള്ള കാമറ എന്നിവ മാത്രമാണ് ഉള്ളത്. ഇതിലൂടെ സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നിട്ടുണ്ടോയെന്ന് മാത്രമാണ് പരിശോധിക്കാൻ സാധിക്കുക. ഇതോടെ ശബരിമല സുരക്ഷ പൊലീസിന് കനത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.