jagadheesh

നടിയെ ആക്രമിച്ച സംഭവം കേരളത്തിൽ ഏറെ കോളിളക്കം സ‌ൃഷ്ടിച്ച സംഭവമാണ്. അതേച്ചൊല്ലി താരസംഘടനയായ അമ്മയിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നു. മറ്റ് നടിമാർ പോലും രണ്ട് ചേരിയിലായി. ഇപ്പോഴും അതേച്ചൊല്ലിയുള്ള അലയൊലികൾ അടങ്ങിയിട്ടില്ല. ഇപ്പോഴിതാ ആ നടിയോട് മാപ്പ് പറയേണ്ടത് സിനിമാ സമൂഹമാണെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് തുറന്നടിച്ചിരിക്കുന്നു.

ജഗദീഷ് പറയുന്നു
ഇരയായ നടി മാപ്പ് പറയണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. അതൊക്കെ വളരെ മോശമായ കാര്യമാണ്. ആക്രമിക്കപ്പെട്ടിട്ട് നടി മാപ്പ് പറയണമെന്ന് പറഞ്ഞാൽ അതിൽ കവിഞ്ഞ് അധമമായ ചിന്ത വേറെയില്ല. അവർ അത്രയും വേദനിച്ചിരിക്കുന്പോൾ സംഘടനയിലേക്ക് തിരികെ വരാൻ തയ്യാറായാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കണം. അതിന് ഫോം തന്നെ പൂരിപ്പിക്കേണ്ട. നമ്മൾ അവരോടാണ് മാപ്പ് പറയേണ്ടത്. എന്റെ മനസ് കൂടെയുണ്ടെന്ന് അവർക്കറിയാം. ഞാൻ അവരുടെ ഫീലിംഗ്സിന് കൂടെ നിൽക്കുന്നു. അതിന് വേറൊരു പക്ഷം പിടിക്കേണ്ടതില്ല. കുറ്റാരോപിതൻ നിരപരാധിയായി തിരിച്ചു വന്നാൽ സന്തോഷം. പക്ഷേ, അതുവരെ മാറിനിൽക്കണം. അതുകൊണ്ടാണ് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെട്ടത്. ​

താനും ആക്രമിക്കപ്പെട്ട നടിയുമായി അധികം ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. ഗൾഫിൽ ഷോകൾ ചെയ്തിട്ടുണ്ട്. ആ ഷോയിലൊക്കെ നടിയുടെ ഇൻവോൾവ്മെന്റ് നേരിൽ കണ്ടിട്ടുണ്ട്. ആ രീതിയിലുള്ള അടുപ്പമേയുള്ളൂ. മോഹൻലാൽ കുറ്റാരോപിതന്റെ കൂടെയാണെന്ന ആരോപണം അദ്ദേഹത്തിന് വിഷമം ഉണ്ടാക്കി. പലരും അദ്ദേഹത്തോട് ചോദിച്ചിരുന്നു എന്തിനാണ് കുറ്റാരോപിതനെ പിന്തുണയ്ക്കുന്നതെന്ന്. എന്നാൽ ഞാൻ എന്ത് തെറ്റ് ചെയ്തു എന്നാണ് ലാൽ തന്നോട് ചോദിച്ചതെന്നും ജഗദീഷ് പറ‍ഞ്ഞു.